Sunday, May 25, 2008

അനുഭവം : എന്റെ സിനിമാ എടപെടലുകള്‍

ഭാര്യാ-കുഞ്ഞിനെയും കേറ്റി പനമ്പിള്ളിനഗര്‍ റോട്ടിലൂടെ ഇരുപതു കി.മീ.യില്‍ ചീറിപ്പായുന്നതായി നടിക്കുക എന്റെ നടപ്പു ഹോബിയാണ്. അപ്പോഴേയ്ക്കും, ഞങ്ങടെ ന്യൂക്ലിയര്‍ ഫാമിലിയടക്കം അരട്ടണ്ണിലും പൊടി മിനുസത്തിലെത്തുന്ന ഈ ഹീറോഹോണ്ടാശകടം ഇങ്ങനെ ഒരു പതിനായിരം കിലോമീറ്ററെങ്കിലും ഓടിച്ചാല്‍ കമ്പനിയെക്കൊണ്ട് ഒത്ത ഒരു പാരിതോഷികം തരുവിക്കാമെന്ന്, ഈയിടെ ഒരാശ്രമത്തില്‍ വെച്ചു പരിചയപ്പെട്ട സ്വാമി.. സ്വാമി.. എന്താ ആശാന്റെ പേര് പറയേണ്ടായി. ഞങ്ങള്‍ കണ്ണോടുകണ്ണ് ഏറ്റുമുട്ടുന്നതിനു തൊട്ടു മുമ്പാണ് തന്റെ പൂര്‍വാശ്രമത്തിലെ പേരു പോലും കമ്പ്ലീറ്റായിട്ട് മറന്നുപോയതത്രെ ! പക്കി, അടിമ, കൊച്ചൂണ്ണി - പലതും ഞാന്‍ പറഞ്ഞുനോക്കി. അതൊന്നുമല്ലപോലും ! ഇനി ഇയാക്ക് ഇരിങ്ങാലക്കുടക്കാരന്‍ ഇന്നസെന്റിന്റെ അമ്മ്ലേഷ്യം വല്ലോം ആയിരിക്യോ എന്ന എന്റെ ശങ്കയെ ചൂടോടെ പിടിച്ചെടുത്ത് ഭയങ്കരന്‍ ഒരു ചോരക്കണ്‍നോട്ടം നോക്കി പറയ്യാ " സന്യാസിമാരെ അമ്മ്ലേഷ്യം ആശ്ലേഷിക്കില്ല... സാധാരണയായി അമ്മ്ലേഷ്യം നടിക്കുകയാണു ഞങ്ങള്‍ പതിവ് .

സോറി ഞാന്‍ കാടു കേറി. തിരിച്ച് നഗരത്തിലേയ്ക്ക്, പനമ്പിള്ളി നഗറിലേയ്ക്ക്.

അന്ന്, നല്ലൊരൂസം. ഷോപ്പിങ്ങ് കോമ്പ്ലെക്സിലെ ബേക്കറിയില്‍ ഉഴുന്നുവട അന്വേഷിച്ചിറങ്ങിയതായിരുന്നു, ഞങ്ങള്‍ ദമ്പതികള്‍‍. സമയം ചായയോടടുക്കുന്നു. വിരസമായ നഗരസായാഹ്നത്തെ ഫിങ്ങ് ഫിങ്ങാക്കുന്നത് ഇത്തരം വടാന്വേഷണങ്ങളാണ്. ബേക്കറികളില്‍ പരതലും, ഇല്ലാഞ്ഞാല്‍ മഹാകുണ്ഠിതം പ്രകടിപ്പിക്കലും, കടയുടമയുമായി വാഗ്വാദവും, സമൂസയാല്‍‍ സമാശ്വാസപ്പെടലും, ഒടുവില്‍ കടക്കാരനു കൈ കൊടുത്തു പിരിയലും എത്രയോ വര്‍ഷങ്ങളായി ആവര്‍ത്തിക്കുന്നു !

ഇത്തവണയും അങ്ങനെയാവുമോ ! കടയിലേയ്ക്കുള്ള വളവൊന്നു തിരിഞ്ഞേള്ളൂ. അതിപരിചയമുള്ള ഒരു കക്ഷി വെറുതേ വഴിയില്‍ തന്റെ മൊബൈലും നോക്കി നില്‍ക്കുന്നു. സൂക്ഷിച്ച് ഒരൊറ്റ നോട്ടേ നോക്കീള്ളൂ. മൈ ഗോഡ് ! മൈ ഗോഡ് !! നമ്മടെ മോഹന്‍ലാല്‍ ! നിങ്ങടെ ലാലേട്ടന്‍ !

മഹാത്ഭുതം ! നാടറിയുന്ന മഹാനടന്‍ ഇതാ തൊട്ടുമുന്നില്‍ ഒറ്റയ്ക്ക്. പച്ചക്കറി വാങ്ങാന്‍ വന്ന മൂന്നാലു സ്ത്രീകള്‍ മാത്രം തകര്‍ത്തു വിലപേശിക്കൊണ്ടിരിക്കുന്നു. തങ്ങളെ പലകാലത്ത്, പലപല തവണകളായി മഹാചിന്താമണികളാക്കിയ ചൊങ്കന്റ്റെ തന്മാത്രകള്‍ അന്തരീക്ഷത്തില്‍ തങ്ങി നില്‍ക്കുന്നത് വൈഭവികളാരും അറിഞ്ഞ മട്ടില്ല ! ‍

ഞാന്‍ അപ്രത്യക്ഷനായി ലാലിന്റെ മനസ്സിനുള്ളില്‍ മാത്യൂ വെല്ലൂരായി പ്രത്യക്ഷപ്പെട്ടു. അപ്പോള്‍, അതാണ് സംഗതി ! തീര്‍ത്തും അപരിചിതരായ ഈ ജനത്തിനു നടുവില്‍ നടന്‍ യന്ത്രത്തെ ചങ്ങായിയാക്കാന്‍‍ ശ്രമിക്കുകയാണ്.

അവിശ്വസനീയം ! ഇതാണ് കനകാവസരം !! വശത്തൂടെയോ, ഒരു ഇഫ്ഫെക്ടിനു വേണ്ടി പിന്നില്‍ നിന്നോ ഉഗ്രനൊരു 'ഹല' പറഞ്ഞ് ലാലിനെ എനിക്കു ഇപ്പോള്‍ ചുമ്മാ അത്ഭുതം കൊണ്ട് കീഴ്പ്പെടുത്താവുന്നതേയുള്ളൂ. ആജീവനാന്ത സുഹൃത്ക്കാവുന്നതേ ഉള്ളൂ !

തല്‍ക്കാലം, ഞങ്ങളുടെ കണ്ണുകളൊന്നിടഞ്ഞാല്‍ കാര്യം ഉഷാറായി ! 1992 ലെ ആ... (ഭഗവാനെ, മോഹന്‍ലാലിന് അമ്മ്ലേഷ്യം ഒരിക്കലും ബാധിക്കാതിരിക്കട്ടെ! ) ആ... ആഹ്ലാദകരമായ ആ പ്രഭാതം അദ്ദേഹം ഓര്‍ക്കുന്നുണ്ടാവും. സംശ്ശ്യല്യ..

ചാലക്കുടിക്കടുത്തുള്ള നാട്ടുമ്പുറത്തുകാരനായതുകൊണ്ടായിരിക്കണം അനിയന്ത്രിതതിരക്കഥാനിര്‍മ്മാണത്തില്‍ ( limitless LOHI psychosis എന്ന് ഡോക്ടര്‍മാര്‍ ) ഏര്‍പ്പെട്ടിരിക്കുകയായിരുന്നു ഈയുള്ളവന്‍ അന്ന് . 70 കളില്‍ ഞങ്ങളുടെ പ്രദേശങ്ങളിലുള്ള സകലമാന ചെറുപ്പക്കാരും 'ഇലക്ട്രീഷ്യനു ' പഠിച്ചുകൊണ്ടിരിക്കയായിരുന്നെങ്കില്‍ 80 കളില്‍ അവരില്‍ 99 ശതമാനം പേരും

ഗള്‍ഫീപ്പോവാനുള്ള പരിപാടി ’യിലായിരുന്നു. ഇവരില്‍ത്തന്നെ 95 ശതമാനം പേരും 90 കളില്‍ ‘ തിരക്കഥാനിര്‍മ്മാണ ’ത്തിലേര്‍പ്പെട്ടിരുന്നതായാണ് മാക്ട നടത്തിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത് .

അപ്പോള്‍ 1992. തിരുവനന്തപുരത്ത് കവടിയാറിലെ എന്റെ ഓഫീസിനടുത്ത് താമസിച്ചിരുന്ന ലാലിനെ കാണാന്‍ ഞാന്‍ അനുവാദം വാങ്ങി പോവുകയായിരുന്നു. സുപ്രഭാതമായിരുന്നു സമയം. ഞാന്‍ കോളിങ്ങ് ബെല്ലില്‍ വിരല്‍ വെച്ചു നില്‍ക്കുകയ്ണ്. മനസ്സിലുള്ള 75 ഓളം തിരക്കഥകളില്‍ നിന്ന് കേവലം എണ്ണപ്പെട്ട 3 എണ്ണം മാത്രം രഹസ്യമായി നാക്കിലെടുത്തു വെച്ചു. ലാല്‍ പെട്ടെന്നു പ്രത്യക്ഷപ്പെട്ടാലോ. കോള്‍ ഷീറ്റ് ആവശ്യപ്പെട്ടാലോ. എന്റെ വര ചുമ്മാ തെളിഞ്ഞാലോ !

അങ്ങനെ അങ്ങനെ, നടന്‍ മുന്നില്‍ വന്നു നിന്നത് ഞാനറിഞ്ഞതേയില്ല. കഷ്ടം ! രാജശില്‍പ്പി ഹെയര്‍ സ്റ്റൈല്‍ അഴിച്ചുവെച്ചീട്ടില്ലാത്ത സുന്ദരനായ, തേജസ്വിയായ നടന്‍ പത്തു മിനിറ്റു സംസാരിച്ചു. ഗദ്ഗദം മൂലം മറ്റൊന്നും പറയാനില്ലാത്തതുകൊണ്ട് തിരക്കഥ എത്രയും പെട്ടെന്ന് എത്തിക്കാമെന്ന് വാക്കു കൊടുത്തു. മഹാ സന്തോഷത്തോടെ ലാലിനോട് വിട. നടന്റെ നല്ല വീട്ടുകാരി കൊണ്ടുത്തന്ന ഉഗ്രന്‍ ചായ മുഴുവനും കുടിക്കാനായില്ലല്ലോ എന്ന് പോരും വഴി ലാവിഷായി കുണ്ഠിതപ്പെടാനും പറ്റി.

പെട്ടെന്ന്, ബൈക്ക് മൃഗീയമായി ആടിയുലഞ്ഞു. മരട് വെടിക്കെട്ടിന് പൊട്ടാതെ പൊങ്ങിയ അമിട്ടിലൊരെണ്ണം കുറച്ചു ദിവസം അന്തരീക്ഷത്തില്‍ തങ്ങിനിന്ന് നേരെ എന്റെ ഭാര്യയെ ലാക്കാക്കി കുതിച്ചടുത്തതാണൊ എന്ന് ഞാന്‍ ആദ്യമൊന്നു വല്ലാതെ ഭയന്നു. ബൈക്കിനടിയില്‍ കിടന്നുകൊണ്ട് ഞാന്‍ ചുറ്റും നോക്കി. നൊ പ്രോബ്ലം ! ഭാര്യ ചാടിയിറങ്ങിയതാണ്.

അല്ല എവിടേയ്ക്കാണീ ഭവതി പായുന്നത് ? അകലെ 'ഭരത'ത്തിലെ ഗോപിനാഥന്‍, ചുരുക്കത്തില്‍ ഗോപി, ‍ ഏതോ ദിവാസ്വപ്നത്തിലെന്നോണം... എന്റെ ഭാര്യമ്മാളാണെങ്കില്‍ സംഗീതജ്ഞ... 'കളിയൂഞ്ഞാ'ലിലെ 'വര്‍ണ്ണവൃന്ദാവനം' പാടിയ പിന്നണിഗായിക... മൈ ഗോഡ് ! അമ്മാള്‍ ഗോപിയെ നോക്കി കുതികുതിക്കുകയാണല്ലൊ ! എങ്കില്‍ ഇത് അപകടമാണല്ലൊ.

രണ്ടും കല്‍പ്പിച്ച് ഞാന്‍ നീട്ടിയൊരൊറ്റ അലര്‍ച്ച .....

നില്‍ക്കവിടെ !!!

ലവലേശം കൂസാതെ ഭാര്യ ലേഖമ്മാള്‍ പാഞ്ഞുചെല്ലുകയാണ്. അയ്യോ ! ഗോപിനാഥന്‍‍.. ഭാര്യ.. ഗോപിനാഥന്‍‍.. ഭാ.. അല്ല, അല്ല ...

കയ്യെത്തും ദൂരത്തുള്ള ബേക്കറിയിലേയ്ക്ക് ഇരച്ചു കയറി ഒരു ചൂരല്‍ക്കൊട്ടയില്‍ കയ്യിട്ട് രണ്ടു ഉഴുന്നുവടകള്‍ പുറത്തെടുത്തു പിടിച്ചുകൊണ്ട് , ചോരക്കണ്ണുകളോടെ ഭാര്യമ്മാള്‍ എന്നെ തുറിച്ചുനോക്കി ആര്‍ത്തുവിളിച്ചു : " ഒരു മിനിറ്റ്.. ഒരൊറ്റ മിനിറ്റ് വൈകിയിരുന്നെങ്കില്‍ ഈ വടകള്‍ നമുക്കു നഷ്ടമായേനെ "
************************************************************************************ വാല്‍ക്കഷണങ്ങള്‍
1. മടി, 'തിരക്കഥാകൃ'ത്തായ എന്നെയും മോഹന്‍ലാലിനെയും പിന്നീട് അടുപ്പിച്ചില്ല. ലാലിന്റെ ഭാഗ്യം !
2. ലാലും, പത്തു മിനിറ്റിനു ശേഷം ഞാനവിടെ പച്ചക്കറിക്കടയ്ക്കരികത്തുനിന്ന് തന്നെ കണ്ടെത്തിയ സംവിധായകന്‍ സത്യന്‍ അന്തിക്കാടും, ഞാന്‍ ശരവേഗത്തില്‍ തിരിച്ചോടി വീട്ടിലിരുന്ന് ചറപറാ വരച്ച രണ്ടു ക്യാരിക്കേച്ചറുകള്‍ ദയാപൂര്‍വം, ചിരിയോടെ ഒപ്പിട്ടുതന്നത് കണ്ടാലും !

27 comments:

Cartoonist said...

ലാലും, പത്തു മിനിറ്റിനു ശേഷം ഞാനവിടെ പച്ചക്കറിക്കടയ്ക്കരികത്തുനിന്ന് തന്നെ കണ്ടെത്തിയ സംവിധായകന്‍ സത്യന്‍ അന്തിക്കാടും, ഞാന്‍ ശരവേഗത്തില്‍ തിരിച്ചോടി വീട്ടിലിരുന്ന് ചറപറാ വരച്ച രണ്ടു ക്യാരിക്കേച്ചറുകള്‍ ദയാപൂര്‍വം, ചിരിയോടെ ഒപ്പിട്ടുതന്നത് കണ്ടാലും !

:: niKk | നിക്ക് :: said...

ഹഹ !!! എനിക്കും അമ്ലേഷ്യം പിടിപെട്ടുവോ ഈ സിനിമാ എടപെടലുകള്‍ വായിച്ചു തീര്‍ത്തപ്പോള്‍...? അല്ല! ഞാനിപ്പോ എവിട്യാ???

ആഷ | Asha said...

ഭാര്യ പിന്നണിഗായികയാണോ? എന്നാലും പാവത്തിനെ പുറകിലെ സീറ്റില്‍ ഇരുത്തികൂടേ? ഇതിപ്പോ ഇങ്ങനെ ശരവേഗത്തില്‍ അതും ഇരുപത് km/hr-ല്‍ ബൈക്ക് പായിക്കുമ്പോ നിന്നു നിന്നു കാലു കെഴയ്ക്കുമല്ലോ

ഇന്നത്തെ ചിന്താവിഷയം എന്ന സിനിമയുടെ ഷൂട്ടിംഗായിരുന്നിരിക്കുമല്ലേ.

ചറപറാ വരച്ച പടങ്ങള്‍ കലക്കന്‍.

ആഷ | Asha said...

ഒപ്പിട്ടു തന്നത് ഇപ്പഴാ കണ്ടത്. സത്യന്‍ അന്തിക്കാടാ കലക്കീത്.

സിമി said...

sathyan anthikkad kalakki. mohanlaal melinjo?

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: വരച്ച് കഴിഞ്ഞപ്പോൾ ലാലിനു സജീവണ്ണന്റെ ഛായ!!!!

പാമരന്‍ said...

പടങ്ങളും വിവരണവും ഈനാംപേച്ചിയും മരപ്പട്ടിയും പോലെ.. അത്യുഗ്രന്‍.!

ഞാന്‍ ഇരിങ്ങല്‍ said...

സജീവേട്ടാ..
കഴിഞ്ഞ പോസ്റ്റിന്‍ റത്രയും ചിരിപ്പിച്ചില്ല എന്നു പറഞ്ഞാല്‍ പിണങ്ങരുത്.
ഇത്തവണ അത്ര ഏശിയില്ല.
എങ്കിലും കാര്‍ട്ടൂണുകള്‍ ഒന്നിനൊന്ന് മെച്ചം.
സത്യന്‍ അന്തിക്കാട് കസറി.

എങ്കിലും ഈ അമ്ലേഷ്യത്തിന്‍ റെ ഒരു കാര്യം...
ഞാനിപ്പോ.. എന്താ പറഞ്ഞത്...!!!!

സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍

Visala Manaskan said...

:) അന്തരീക്ഷത്തില്‍ ന്യൂട്രലില്‍ കിടന്ന അമിട്ട് വീണ് പൊട്ടിയോ യെന്ന തംശം കലക്കി. ഇഷ്ടപ്പെട്ടു.

ബഹുവ്രീഹി said...

sajjeev bhaay.. :)

pOst rasicchu.

paranja pole mohanlaal nentha oru ksheenam?

ശ്രീ said...

കൊള്ളാം സജ്ജീവേട്ടാ... :)
പെട്ടെന്നു വരച്ചതാണെങ്കിലും വരകള്‍ കിടിലന്‍.
(പിന്നണി ഗായിക ആയ ചേച്ചിയ്ക്കും അഭിനന്ദനങ്ങള്‍)

പിന്നേയ്, ആ തിരക്കഥ എഴുത്ത് അങ്ങനെ പൂര്‍ണ്ണമായും നിറുത്തിയോ? സമയം പോലെ ഒന്നൂടെ പൊടി തട്ടി എടുത്തു നോക്കിക്കൂടേ?
:)

കുഞ്ഞന്‍ said...

സജ്ജീവ് ഭായി..

വട പുരാണം രസായിട്ടുണ്ട്. എന്നാലും മരടിലെ അമിട്ടിനോട് ഉപമിച്ചത്...

വെറുതെയല്ല സജ്ജീവ് ഭായിയുടെ വരികള്‍ ഒരു സിനിമാകഥപോലെയുള്ള മാസ്മരികത, സിനിമാലോകത്തിന് ഇനിയും കിട്ടാന്‍ സാദ്ധ്യതയുള്ള തിരക്കഥാകൃത്ത്..!

ഗുരുജി said...

ഞാന്‍ ആദ്യമായിട്ടാണ്‌ ഇവിടെ.
രസാവഹം. സുഖദം. സുന്ദരം

കുട്ടന്‍മേനൊന്‍ said...

രസികനായിട്ടുണ്ട് വര.

kaithamullu : കൈതമുള്ള് said...

സജ്ജീവ്,

ഒരു “പഞ്ചവടിപ്പാലം“ (ഭാഗം 2) പ്രതീക്ഷിക്കാമോ, അടുത്തെന്നെങ്കിലും?

മുസാഫിര്‍ said...

ഹ ഹ കൊള്ളാം എനിക്ക് ഏറ്റവും അധികം ഇഷ്ടപ്പെട്ടത് ആദ്യത്തെ കാര്‍ട്ടൂണ്‍ ആണ് ഹീറോ ഹോണ്ടയില്‍ കളത്രത്തോടൊത്തുള്ള ആ പാച്ചില്‍ ഒരു ഒന്നൊന്നര പാച്ചില്‍ തന്നെ.

ഏറനാടന്‍ (എസ്‌.കെ. ചെറുവത്ത്‌) said...

കൊള്ളാം. താങ്കളുടെ ബൃഹത്ത് ശരീരത്തില്‍ ഒരു തിരക്കഥാകാരനും ഒളിഞ്ഞിരിപ്പുണ്ടല്ലേ. ലാലേട്ടന്റെ ചിത്രം വരച്ചപ്പോള്‍ ചെറുപ്പക്കാരനാക്കിയത് മനപൂര്‍വമാണോ. വിവരണം കലകലക്കനായിരിക്കുന്നു.

മാര്‍ജാരന്‍ said...

ആഗ്രഹങ്ങള്‍ കുതിരകളാണ്,കടിഞ്ഞാണ്‍ കയ്യിലെടുക്കാതെ പായുക

അത്ക്കന്‍ said...

സു...സു...സു....സൂപ്പര്‍

ഓര്‍മ്മകള്‍ ഉണ്ടായിരിക്കേണം.... said...

ചിരിച്ചു ചിരിച്ചു കുടലു മറിഞ്ഞു.... ഒരു തേങ്ങ എന്റെ വക...

maramaakri said...

എനിക്ക് വയ്യേ. തിരക്കഥാപര്‍വം ഒരു പുതിയ അറിവ് തന്നെ

:: VM :: said...

ചേട്ടായി..
അണ്ണന്റെ വരകളെക്കാള്‍, ഈഴുത്താനു ഈയിടെ എനിക്ക് രസിക്കുന്നത്... വര മോശം ന്നല്ല അതിന്റെ അര്‍ത്ഥം ട്ടോ!

G.manu said...

എന്റെ വി.കെ.എന്‍ ഇന്‍ ദ മേക്കിംഗേ..
വൈകിയല്ലോ കണ്ടപ്പോള്‍

വരകുറച്ച് വാക്കുകുറിയ്ക്കെന്‌റെ ഹെവി പഞ്ചഗുസ്തിച്ചായാ..

ബൂലോകം ഈസ് റിച്ച്. റിച്ചര്‍..റിച്ചസ്റ്റ്....

നമാമി.... അടുത്തത് വൈകല്ലേ പ്ലീസ്......

thilu said...

ijje kalakki moneeee... koyikkotte vannale ingakku njan koyi biriyani mangitharam.ingale olkkum(lekhechi).ithengane varakkan sadhikkunnu. ente abhinandanangal.

Sapna Anu B.George said...

തകര്‍ത്തു കേട്ടോ

വിക്രംസ് ദര്‍ബാര്‍ said...

നമുക്കിലാത്ത കഴിവ്കള്‍ ഉള്ളവരെ കാണുമ്പോള്‍ അസൂയ എന്ന വികാരം താ പോക്കും എന്ന് പഴബുരാണം. അത് സത്യമെന്കില്‍ തങ്ങളോടു നമുക്കു കടുത്ത അസൂയ തോന്നി നാം കത്തിജ്വളിച്ച്ചു ചാമ്പലകെണ്ടാതാണ്. കാരണം തങ്ങളുടെ വരകളുടെ മിഴിവ്. പക്ഷെ തോന്നുനത് കറ കളഞ്ഞ എം സി ആര്‍ മുണ്ട് പോലെ വെളുത്ത അഭിനന്റ്ടനവും ആദ്ദരവും മാത്രം.

പണ്ടു ചിത്രകലാ പാഠശാലയില്‍ ഒരു സിമ്പിള്‍ സൂര്യകാന്തി പൂവിന്റെ പടം ഒരു വൃത്തം , നാലഞ്ച്‌ ഞാനുങിയ റ എന്ന അക്ഷരം , നടുക്ക് പരാഗം മട്ടില്‍ കുറെ കുത്തുകള്‍ -ഇത്രയും കൊണ്ടു ബ്ലാക്ക്‌ ആന്‍ഡ് വൈറ്റ് ചിത്രം നിര്‍മ്മിക്കാന്‍ ഉപദേശിച്ച ഗുരുനാഥന്‍ നമ്മുടെ കലാ സൃഷ്ടി കണ്ടു അത് സൂര്യകാന്തി പൂവല്ല 'ഹിരോഷിമയുടെ വിലാപം ' എന്ന മോഡേണ്‍ ആര്‍ട്ട് ആണെന്ന് തീരുമാനിച്ചു ഡാവിന്ചി മ്യൂസിയം വിലാസത്തില്‍ അയച്ചു കൊടുത്തു എന്ന് പറയുമ്പോള്‍ നമ്മുടെ വികാരത്തിന്റെ പൂര്‍ണ്ണരൂപം മനസിലാകും എന്ന് കരുതുന്നു.

പോസ്റ്റും നന്നായിട്ടുണ്ട്

ആശംസകളോടെ
വിക്രമാദിത്യന്‍

ഓര്‍മ്മകള്‍ ഉണ്ടായിരിക്കേണം.... said...

മര്യാദയ്ക്ക് പുതിയ പോസ്റ്റ് ഇടു ഊവ്വേ !!!!!!!!!!! ഇല്ലെങ്കില്‍ ഇടിയും , അടിയും പാഴ്സലായെങ്ങ് വരും ...........