Thursday, November 8, 2007

നാലു പരമ്പരക്കഥകള്‍

ഊണേശ്വരംതറവാട് ഇടിഞ്ഞുപൊളിഞ്ഞു കിടക്കുന്നതു കണ്ട് നാണക്കേട് തോന്നി തട്ടുമ്പൊറത്ത് തള്ളിക്കളഞ്ഞ പഴയ ചില പുരാവസ്തുക്കളെ ഇവിടെ അണിനിരത്തേണ്ടിവന്നിരിയ്ക്കയാണ്. വായനക്കാരുടെ തറവാടൂകളിലും ഇമ്മാതിരി സാമാനങ്ങള്‍ കാണും എന്ന് ഈ കാരണോര്‍ക്ക് ഉറപ്പാണ്. പഴയ മണം കാണും, സാരാക്കണ്ടാന്ന്....

ഒരു 15 കൊല്ലം മുന്‍പ്, ജീവിതം ദുസ്സഹമായിരുന്നൊരു കാലത്ത്, ഞങ്ങള് പരിയാരത്തുകാരുടെ അയല്വാസിയായ കാളന്‍ നെല്ലായി പോലും നിസ്സഹായനായിപ്പോയൊരു സമയത്ത്, രസകരങ്ങളായ ടി.വി. സീരിയല്‍ക്കഥകളെഴുതി മനസ്സിനെ മോചിപ്പിയ്ക്കൂ, പോക്കറ്റിനെ വികസിപ്പിയ്ക്കൂ , അവയ്ക്ക് വെല്യ ഡിമാന്‍ഡാണ് ’ എന്ന് ഒരു പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് പറഞ്ഞതനുസരിച്ച് ഒരൂസം രാവിലെ കുളിച്ചീറന്‍ മാറി മുടിയില്‍ ചെവിയില്‍ ഒരു ചെത്തിപ്പൂ തിരുകി ഈശ്വരപ്രാര്‍ഥനയോടെ മൂന്നു ദിവസം മുഴുവനുമിരുന്ന് എഴുതിയ നാലു ത്രെഡ്ഡുകളില്‍ ഒരെണ്ണമാണിത്- ഭാവികേരളം.. പിന്നെ...
2. മാവേലിനാട്.. പിന്നെ
3. പാറുവമ്മക്കഥകള്‍.. പിന്നെ
4. അഭ്രേശ്വരം ടാക്കീസ്.

ഓരോ എപ്പിസോഡും 10 മിന്റ്. സിറ്റ്വേഷനല്‍ കോമെഡിയായിരിയ്ക്കും. വിഷ്വത്സിന്റെ ഒരു ബഹളമായിരിയ്ക്കും. നേറ്റീവ് ഹ്യൂമര്‍ പതുങ്ങിയിരിയ്ക്കുന്നുണ്ടാകും. ശനി കഴിഞ്ഞാല്‍ ഞായറാഴ്ചയായിരിയ്ക്കും. ഇനിയും എഴുതൂ എന്ന് അങ്ങ് പറയുമായിരിയ്ക്കും... എന്നൊക്കെ പല ചാന്നല്‍ വീരമ്മാരോടും കാച്ചിനോക്കി. (ആരോടാന്ന് എന്റെ കളി ?)

എന്നിട്ടെന്തായി... ?

ഇന്നേയ്ക്ക്, 2007 നവംബര്‍ 8ന് , ഈ നാലു മരുമക്കളും അചുംബിതകളായി നിലനിന്നു പോരുന്നു. എന്നുവെച്ച്, മൈ പുര ഈസ് നോട് അറ്റോള്‍ ഫുള്‍.... :)

A. ഭാവികേരളം (A.D. 2050ലെ കേരളം)
ഇത് ഒരേഴെപ്പിസോഡിനുള്ളത് എഴുതിക്കഴിഞ്ഞപ്പോഴേയ്ക്കും മാവേലിനാട്
എന്ന ആശയം എന്നെ ആക്രമിച്ച് കീഴ്പ്പെടുത്തുകയായിരുന്നു.
-----------------------------------------------------------

1. വെളിച്ചപ്പാട്
ഒരു വീട്ടില്‍ ഭഗവതിയുടെ പറയെടുപ്പ്.ബള്‍ബിട്ട് കത്തിച്ച നിലവിളക്കിനു മുന്നില്‍ സ്റ്റോണ്‍വാഷ് ഷര്‍ട്ടും ജീന്‍സുമിട്ട വെളിച്ചപ്പാട് ഉറയാനായി വെയ്റ്റ് ചെയ്യുന്നു. എത്ര ശ്രമിച്ചിട്ടും വിറയൊട്ട് വരുന്നുമില്ല. ചെറുപ്പക്കാരായ കാണികളുടെ വിസിലടിബഹളം, കൊതുകുകടി, അയല്പക്കത്ത് റിയാലിറ്റി ഷോ (ഈ പ്രയോഗം കൂട്ടിച്ചേര്‍ത്തതാണ്) കണ്ട് ആര്‍മാദിയ്ക്കുന്ന അയലത്തെ പെണ്ണൂങ്ങളുടെ സീല്‍ക്കാരങ്ങള്‍, പൂച്ചയുമായി ക്രോസ്സ് ചെയ്ത പട്ടികളുടെ നിര്‍ത്താത്ത കുര എന്നിവ വിറയെ അനിശ്ച്ച്തമായി നീട്ടിക്കൊണ്ടുപോകയാണ്. വെളിച്ചപ്പാട് പ്രതീക്ഷ സമ്പൂര്‍ണമായി കൈവിടുന്നത് തുടങ്ങുന്നതു കണ്ട പരഹൃദയജ്ഞാനിയും പ്രത്യുല്‍പ്പന്നമതിയുമായ ഗൃഹനാഥന്‍ വീട്ടിനകത്തേയ്ക്കു കയറിപ്പോയി, അടുക്കളയില്‍നിന്ന് അവയവക്കൊഴുപ്പുള്ള മദ്ധ്യവയസ്ക്ക വേലക്കാരിയുമായി പുറത്തേയ്ക്കിറങ്ങിയതും, വെളിച്ചപ്പാട് ആവേശമടക്കാനാവാതെ ഒരു കലക്കന്‍ വിറയോ വിറയ്ക്കു തുടക്കം കുറിയ്ക്കുന്നു.

2. ട്രാഫ്ഫിക് പോലീസ്
ഹൈവേ. പാവം ഒരു സ്കൂട്ടറുകാരനെ കൈ കാണീച്ച് നിര്‍ത്തി, ‘കമാ’ന്നൊരക്ഷരം മിണ്ടാതെ പില്യണ്‍ സീറ്റില്‍ ചാടിക്കയറി, ജോലിസ്ഥലമായ ട്രാഫ്ഫിക് റൌന്‍ഡിലേയ്ക്ക് കുതിയ്ക്കുന്ന പോലീസുകാരന്‍. പോകുന്ന പോക്കില്‍ സ്കൂട്ടറുകാരന്റെ ചിലവില്‍ കാപ്പി, മുറുക്കാന്‍, പലഹാരങ്ങള്‍, സിഗററ്റ്, നേര്‍ച്ചപ്പെട്ടിയില്‍ മോശമില്ലാത്തൊരു നേര്‍ച്ച എന്നിവ തരമാക്കുന്ന പോലീസുകാരന്‍ ട്രാഫ്ഫിക് റൌന്‍ഡിലെത്തിയതും ചാടിയിറങ്ങി, സ്കൂട്ടറുകാരന്റെ ഓവര്‍സ്പീഡിങ്ങ്, സിഗ്നലിങ്ങ് etc. യെപ്പറ്റിയൊക്കെ പോലീസ് മുറയില്‍ ആക്രോശിയ്ക്കുന്നു. ഘോരമായ താക്കീതോടെ സ്കൂട്ടറുകാരനെ പറപറപ്പിയ്ക്കുന്നതിനു മുന്‍പ്, റിട്ടേണ്‍ ട്രിപ് എപ്പോഴാണെന്നും തിരക്കുന്നുണ്ട് പഹയന്‍.

3. സദ്യ
സദ്യപ്പന്തല്‍. ഏഴക്കശമ്പളം വാങ്ങുന്നുണ്ടെന്നു തോന്നിയ്ക്കുന്ന മമ്മൂട്ടി സ്റ്റൈല്‍ മാന്യന്റെ ഇരുവശവും ഒരു കുട്ടിയും ഒരു വൃദ്ധനും ആണ്. അന്നം ദൈവമാണെന്ന പഴഞ്ചൊല്ലും, ഊണ്മര്യാദകളും മാന്യന്‍ കുട്ടിയ്ക്ക് വാത്സല്യത്തോടെ പറഞ്ഞുകൊടുക്കുന്നത് വൃദ്ധന്‍ ആശ്ചര്യത്തോടെ കേട്ടിരിയ്ക്കുന്നു. അകലെ നിന്ന് പരിപ്പുകാരന്‍ വരുന്നു. ഊണു കഴിയ്ക്കുമ്പോള്‍ തന്നെ ശല്യപ്പെടുത്തരുതെന്ന് മറ്റു രണ്ടു പേരോടും അഭ്യര്‍ഥിയ്ക്കുന്ന മാന്യന്‍, പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞതും തന്റെ തനിനിറം പുറത്തെടുക്കുന്നു. വിഭവങ്ങള്‍ പെട്ടെന്നു കഴിച്ചുതീര്‍ക്ക്വ, അല്ലെങ്കില്‍ ചോറിനകത്ത് ഒളിപ്പിച്ചുവെയ്ക്കുക എന്നിട്ട് വിളംബുകാരനോട് കിട്ടിയില്ലെന്നു പരാതിപ്പെടുക, കുട്ടിയുടെ കരച്ചിലും വൃദ്ധന്റെ പ്രതിഷേധവും വകവെയ്ക്കാതെ,
കുട്ടിയുടെ പഴവും കായവറുത്തതും, വൃദ്ധന്റെ കാളനും കിച്ചടിയും അടിച്ചുമാറ്റുക എന്നെ കലാപരിപാടികള്‍ ഒന്നിനു പുറകെ മറ്റൊന്നായി അവതരിപ്പിച്ചോണ്ടിരിയ്ക്കുന്ന മാന്യന്‍, ഒടുവില്‍ പായസക്കാരനു ടിപ്പു കൊടുത്ത് കയ്യില്‍ കരുതിയിരുന്ന കൂജ നിറയെ പായസവും തരമാക്കുന്നു.


4. പരീക്ഷാഫലം
മണ്ടശ്ശിരോമണിയായ പയ്യന്റെ തോല്‍വി പ്രതീക്ഷിച്ചു കഴിയുന്ന വീട്ടിലുള്ളവര്‍. ജ്യോതിഷിയും, കാക്കാലനും, ഹസ്തരേഖാ ശാസ്ത്രജ്ഞനും വെളിച്ചപ്പാടും മറിച്ചല്ല പ്രവചിച്ചിട്ടുള്ളതും. പയ്യന്‍ ആകെ ബേജാറിലാണ്. മുതിര്‍ന്നവര്‍ അവനെ ആത്മനിയന്ത്രണവും ഈശ്വരഭക്തിയും ഉപദേശിയ്ക്കുന്നു. റിസള്‍ട് വന്നു. താന്‍ അത്ഭുതകരമായി ജയിച്ചതറിഞ്ഞ് വീട്ടിലേയ്ക്കു സ്ലോമോഷനില്‍ വന്നു കയറുന്ന പയ്യന്‍ കാണുന്നത്, ആ അത്ഭുതം താങ്ങാന്‍ വയ്യാതെ ചെവികളില്‍ ചെമ്പരത്തിപ്പൂക്കളുമായി അവനുചുറ്റും കൂകിയാര്‍ക്കുന്ന വെട്ടുകാരെയാണ്.



5. കലാപ്രതിഭയും അഛനും
കഷ്ടകാലത്തിന്കലാപ്രതിഭയായിപ്പോയ അഞ്ചു വയസ്സുകാരനുമൊത്ത് അഛന്‍ സ്കൂളിലേയ്ക്ക്. മുന്നില്‍ പോകുന്ന കലാരഹിത പിള്ളേര്‍ സംഘങ്ങളില്‍നിന്ന് മോനെ രക്ഷിയ്ക്കാന്‍ പെടാപ്പാടുപെടുന്നു അഛന്‍. വിജനമായൊരു സ്ഥലത്തു വെച്ച് പയ്യനെ വയറ്റത്തടിപ്പാട്ടു പ്രാക്ടീസ് ചെയ്യിയ്ക്കുന്ന പിതാശ്രീ, ഒരു കല കൂടി കയ്യിലുണ്ടെങ്കില്‍ അത്രയും നല്ലത് എന്ന വാശിയില്‍, കുട്ടിയെക്കൊണ്ട് വഴിയിലിരിയ്ക്കുന്ന മുച്ചീട്ടുകളിക്കാരനു വെറ്റ്ലയും പാക്കും കൊടുപ്പിച്ച് ശിഷ്യപ്പെടുത്തുന്നു.

6. വായനശാല
വായനശാലയ്ക്കകം. പുരുഷ-വൃദ്ധ വായനക്കാര്‍ മാത്രം. പേനകൊണ്ട് പത്രത്തിലെ ഒരു പെണ്‍ഫോട്ടോയ്ക്ക് മീശ വരച്ചു ചേര്‍ക്കുന്ന വൃദ്ധന്‍. ചിത്രകാരനു ചുറ്റും ആരാധനയോടെ കൂടിനില്‍ക്കുന്ന 2/3 തുല്യ വൃദ്ധര്‍. പുരുഷ വാജീകരണത്തിനുള്ള പരസ്യം കീറി പോക്കറ്റിലിടുന്ന മറ്റൊരു ജ്ഞാനവൃദ്ധന്‍.

തേജസ്വിയായ ഒരു വൃദ്ധതാപസരൂപം(A) - ജൂബ്ബ, നീണ്ട വെള്ളത്താടി, രുദ്രാക്ഷമാല, കട്ടിക്കണ്ണട- കടന്നുവരുമ്പോള്‍ മറ്റു വൃദ്ധര്‍ ആദരപൂര്‍വം വഴിമാറുന്നു.

ലൈബ്രേറിയന്‍ : കൂടുതല്‍ വലുപ്പത്തില്‍ പ്രപഞ്ചവിജ്നാനകോശത്തിന്റെ പുതിയ എഡിഷന്‍ വന്നിട്ടുണ്ട്. മാഷെപ്പോലുള്ളവര്‍ക്ക് അത് ഏറെ ഗുണം ചെയ്യും, എടുക്കട്ടെ ?

A : വേണ്ട, എനിയ്ക്ക് എന്റെ ആ പതിവ് കേരള സാഹിത്യ ചരിത്രം 1ഉം, 2ഉം, 3ഉം വോള്യങ്ങള്‍ മതി. ഞാനങ്ങ് പൊയ്ക്കോളാം.

പുസ്തകങ്ങളും താങ്ങി ഹാളില്‍ തിരിച്ചെത്തുന്ന A , ഒരു അലമാരയ്ക്കു പുറകില്‍ ചുരുട്ടി വെച്ചിരുന്ന തഴപ്പായ് നിലത്തു വൃത്തിയായി വിരിച്ച്, പുസ്തകങ്ങള്‍ തലയണയാക്കി അതിന്മേല്‍ തലവെച്ച് ഒരൊറ്റയുറക്കം !

7. വാടകക്കില്ലര്‍
പട്ടണത്തിലെ ഒരു ചേരിയില്‍ നിന്ന് , ഒരു വളവു തിരിഞ്ഞ് നടന്ന് വരുന്ന ഒരു സ്മാര്‍ട് ലുക്കിങ്ങ് എക്സിക്യൂട്ടീവ് (A)- സ്യൂട്ട്, റ്റൈ, കയ്യില്‍ സ്യൂട്കേസ്- നടന്നടുക്കുന്നു.

വഴിവക്കിലെ മാടങ്കോവിലിനു മുന്നില്‍, സ്യൂട്കേസ് കാലുകള്‍ക്കിടയില്‍ ഇറുക്കിപ്പിടിച്ചുനിന്ന് പ്രത്യേക രീതിയില്‍ തൊഴുതു നമസ്കരിയ്ക്കുന്ന A. എതിരെ വരുന്ന എക്സിക്യൂട്ടീവുമായി ആംഗ്യഭാഷയില്‍ കുശുകുശുത്തശേഷം, പ്രത്യേക രീതിയില്‍ വിടവാങ്ങല്‍ സിഗ്നലുകള്‍ കൈമാറുന്നു.
പട്ടണത്തിലെ പോഷ് കോളനിയിലെ ഫ്ലാറ്റ്. ഗൃഹനാഥനു മുന്നില്‍ A തന്റെ സ്യൂട്കേസ് തുറന്നു കാണിയ്ക്കുന്നു.. അതിനകത്ത്, പല വലുപ്പത്തിലുള്ള പത്തു പൊതികള്‍. ചെറുത് ഒരെണ്ണം A തുറക്കുന്നു. അതിനകത്ത്, 5/6 മനുഷ്യപ്പല്ലുകളാണ്.

അകത്തേയ്ക്കു പോയി, മുന്‍പൊരിയ്ക്കല്‍ A തന്ന കൊഴിച്ചുകൊണ്ടുതന്ന, ഒരു ജോടി പല്ലുകളുമായി ഗൃഹനാഥന്‍ തിരിച്ചുവരുന്നു. Compare ചെയ്ത് satisfied ആയപ്പോള്‍, ബാക്കി തുക Aയ്ക്ക് കൈമാറുന്നു.

ഇരുവരും വിലവര്‍ദ്ധനവിനെക്കുറിച്ച് 15 സെക്കന്‍ഡ് സങ്കടപ്പെടുന്നു. ബിസ്മില്ലാഖാന്റെ ഷെഹനായിയുടെ ഒരു CD ഗൃഹനാഥനില്‍നിന്ന് കേള്‍ക്കാന്‍ വേണ്ടി വാങ്ങിയിട്ട്, സകലമാന സുകുമാരകാലകളുടേയും മംഗലശ്ശേരി നീലകണ്ഠനായ വാടകക്കില്ലര്‍ അടുത്ത കൊട്ടേഷന്‍ എടുക്കാനായി പടിയിറങ്ങുന്നു.

4 comments:

Cartoonist said...

ഊണേശ്വരംതറവാട് ഇടിഞ്ഞുപൊളിഞ്ഞു കിടക്കുന്നതു കണ്ട് നാണക്കേട് തോന്നി തട്ടുമ്പൊറത്ത് തള്ളിക്കളഞ്ഞ പഴയ ചില പുരാവസ്തുക്കളെ ഇവിടെ അണിനിരത്തേണ്ടിവന്നിരിയ്ക്കയാണ്. വായനക്കാരുടെ തറവാടൂകളിലും ഇമ്മാതിരി സാമാനങ്ങള്‍ കാണും എന്ന് ഈ കാരണോര്‍ക്ക് ഉറപ്പാണ്.

പഴയ മണം കാണും, സാരാക്കണ്ടാന്ന്....

Vempally|വെമ്പള്ളി said...

പണ്ട് പട്ടീടെ വാലു മുറിച്ചൂ കൊണ്ടു ചെന്നാല്‍ പഞ്ചായത്തീന്ന് കാശു റെഡി മണിയായി പട്ടിപിടിത്തക്കാര്‍ക്ക് കിട്ടിയിരുന്നതുപോലെ ഇപ്പോ പല്ലു കൊണ്ടു കാണിച്ചാല്‍ കില്ലര്‍ക്കു കാശു റെഡിമണി.. അങ്ങിനെയാ?
:-)

KuttanMenon said...

ഈ ഊണിനു പുളിശ്ശേരിയിലെ പുളിയും ഇഞ്ചാമ്പുളിയിലെ മധുരവും കുറഞ്ഞു പോയീട്ടോ. എന്നാലും 2050 ലെ അവസ്ഥ ഒരു അവസ്ഥ തന്നെയായിരിക്കും.
പട്ടിയെ പൂച്ചയുമായി ക്രോസ് ചെയ്ത പൂച്ച .. അതിഷ്ടായി.. അത് കുരയ്ക്കില്ല. മൌ..മൌ.. എന്ന് അത്യാവശ്യത്തിനു മാത്രം ശബ്ദിക്കുകയേ ഉള്ളൂ.. :)

ഉറുമ്പ്‌ /ANT said...

:)))