Saturday, November 24, 2007

തട്ടിന്‍പുറം സീരീസ് - 5

ഒരുകുഞ്ഞറിയാതെപോയ
ടി.വി. എപ്പിസോഡ് സിനോപ്സിസുകള്‍

ഊണേശ്വരം തറവാട് ഇടിഞ്ഞുപൊളിഞ്ഞു കിടക്കുന്നതു കണ്ട് നാണക്കേട് തോന്നി തട്ടുമ്പൊറത്ത് തള്ളിക്കളഞ്ഞ ഒരു പുരാവസ്തുവിനെ - ഭാവികേരളം (A.D. 2050ലെ കേരളം) - മൂന്നാഴ്ച്ചമുമ്പ് ഇവിടെ അവതരിപ്പിച്ചിരുന്നു. AKPLT & RR റേറ്റിങ്ങ് (ഇതെന്തൂറ്റാ ? ഇങ്ങനെയൊരു സാനം ണ്ടോ? അതോ, എനിയ്ക്കു തോന്നിയതോ?) അനുസരിച്ച് കഴിഞ്ഞാഴ്ച്ചത്തെ ‘ചൂത്ത്’ റേറ്റിങ്ങോടെ പുറകില്‍നിന്ന് ഒന്നാം സ്ഥാനത്ത് വരാന്‍ അതിനു കഴിഞ്ഞു. എന്റെ ഭാഗ്യം! കുട്ടമ്മേനന്‍ അത് അപ്പളേ ഗണിച്ച് പറയുകയും ചെയ്തിരുന്നു ! ആരെങ്കിലും ഒന്നു പറയാമോ, മേനോന്‍ സത്യത്തീ എന്താ ജാതി, കുറുപ്പാണൊ ?

ആരൊക്കെ എന്തൊക്കെത്തന്നെ പറഞ്ഞാലും എന്തൊക്കെ സംഭവിച്ചാലും ഇതിലേറെ എനിക്കൊരു ചുക്കും സംഭവിക്കാനില്ല. പുരാവസ്തു നമ്പര്‍ 2 ഇവിടെ ഇറക്കുകയാണ്. മാവേലിനാട് എന്നാണിതിന്റെ പേര്.

മലയാളി വീട്ടിലിരുപ്പുകാരെ‍ ദൂരദര്‍ശന്റെ കണ്ണീര്‍സീരിയലുകള്‍ കീഴടക്കിക്കൊണ്ടിരുന്നോരു നേരത്താണ്, പുതിയ ടി.വി. ചാന്നലുകളുടെ വായ്ത്താരികള്‍ കേട്ട് ഒരാവേശത്തിന് ഈയുള്ളവനും‍ എഴുത്താരംഭിച്ചത്. മുക്തകണ്ഠം സിറ്റ്വേഷണല്‍ കോമഡി നിറച്ച് എപ്പിസോഡെപ്പിസോഡായിട്ട് സിനോപ്സിസ്സ് എഴുതിയങ്ങനെ തള്ളുകയായിരുന്നില്ലേ അക്കാലം ! എങ്ങനെ പണ്ടാരടങ്ങ്യാലും വിരോധല്യ, ടിവി-സിനിമാ കോമഡിയില്‍ ഒരു നവീന ഭാവുകത്വം കൊണ്ടുവന്നിട്ടിനിക്കാര്യം, എന്നതായിരുന്നു മുദ്രാവാക്യം. എന്നിട്ടെന്തായി..? ഞാനൊന്നും പറയുന്നില്ല, ങ്ഹാ . . . .

മറ്റൊന്നും വിചാരിക്കരുത്, തല്‍ക്കാലം,
ഇതാണെന്റെ ബ്രഹ്മപുരം
.................................................................................................

മാവേലിനാട്ടില്‍ ജനം മുച്ചൂടൂം ആദര്‍ശപരമായി പെരുമാറുന്നവരാണ്. ഒരുദാഹരണം പറഞ്ഞാല്‍, താങ്കള്‍ എന്ന പദം ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന വില്ലേജ് മാവേലിനാടാണ്. മൊത്തം സംഗതികള്‍ ബ്ലാക് ആന്‍ഡ് വൈറ്റ് ആണവീടെ. ഗ്രേ എന്നൊരു എടവാടേ ഇല്ലതന്നെ. തുടര്‍ന്നു വായിക്കുക . . .

1. ടൂറിസ്റ്റ്
പഞ്ചപാവം കുടുംബത്തിന്റെ പേയിങ്ങ് ഗെസ്റ്റ് ആയി താമസിക്കുന്ന ഒരു സായിപ്പ്-മദാമ്മ ദമ്പടികള്‍. ഫ്രെഷ് കുളം കുത്തി കുളിയോകുളീകുളീച്ച്, കുറിയിട്ട്, മുടിയില്‍ തുളസിക്കതിര്‍ ചൂടീ ഫുള്‍ടിഫുള്‍ കേരളമങ്കയായി, വീട്ടുകാരോടൊപ്പം ‘ചെത്തീമന്ദാരം തുളസി ’ ക്ക് നേതൃത്വം കൊടുക്കുന്ന മദാമ്മയെക്കണ്ട്, പുഛമടക്കാനാവാതെ ലോക്കല്‍ നേതാവ് അധിനിവേശസംസ്ക്കാരത്തിന്റെ പ്രഛന്നരൂപങ്ങളെക്കുറിച്ച് ഒരു തീപ്പൊരിപ്രസംഗം കാച്ചുന്നു. ആ നിമിഷം, ടി പ്രസംഗത്തിന്റെ കമ്പ്ലീറ്റ് താളം തെറ്റിയ്ക്കാനെന്നോണം, ആതിഥേയന്റെ പാടത്തെ ഉഴവു കഴിഞ്ഞ്, തോളില്‍ കലപ്പയേന്തി, രണ്ടു മൂരികളേയും തെളീച്ച് ആറരയടിക്കാരന്‍ ജെര്‍മന്‍ സായ്പ്പ് വീട്ടുമുറ്റത്തെത്തുന്നു. നേതാവിന്റെ ഒരു മലയാളപ്രയോഗം സായ്പ്പ് വ്യാകരണ നിയമമനുസരിച്ച് അച്ചാലും മുച്ചാലും തിരുത്തിക്കൊടുക്കുന്നു.

2. റേഷന്‍ഷാപ്പ് ക്യൂ
ദരിദ്രരും ധനികരും ഇടകലര്‍ന്ന്, ജോളി ആയി, തോളില്‍ കയ്യിട്ടും, പഞ്ചായത് പറഞ്ഞും, നീണ്ടുനീണ്ടും വളഞ്ഞുപുളഞ്ഞും കിടക്കുന്ന ക്യൂവില്‍ ആവശ്യത്തിലധികം ക്ഷമയും കയ്യില്‍ സഞ്ചികളുമായി നില്‍ക്കുന്നു.

ക്യൂവിന്റെ പിന്നില്‍ ഒരു തിരയിളക്കം. ഒരു ‘പത്മശ്രീ’യെ അയാളുടെ എതിര്‍പ്പ് വകവെയ്ക്കാതെ ബഹുമാനത്തോടെ മറ്റുള്ളവര്‍ മുന്നിലേയ്ക്ക് ബലം പ്രയോഗിച്ച് വലിച്ചുകേറ്റിയതാണ്. ജ്ഞാനപീഠക്കാരനും ശൌര്യചക്രക്കാരനും ലോക്കല്‍ ചട്ടമ്പിയും ഏകോദരസോദരരേപ്പോലെ നില്‍ക്കുന്ന ക്യൂവിന്റെ പുറകില്‍, ഒരു പടുവൃദ്ധന്‍ ഭിക്ഷക്കാരന് തന്റെ റേഷനരിപെര്‍മിറ്റ് ഇഷ്ടദാനം ചെയ്യാനൊരുമ്പെടുന്ന ഒരു മാന്യന്‍. കാര്‍ഡ് സ്വീകരിച്ചില്ലെങ്കില്‍ തന്റെ പഞ്ചാരപ്പെര്‍മിറ്റ് പൊതുജനസമക്ഷം കത്തിച്ചുകളയുമെന്ന് ഭീഷണി.

3. കാമുകീകാമുകര്‍
കാമുകീകാമുകര്‍ ഒരു ഉണക്ക പാഴ്മരത്തിനു ചുറ്റും നസീര്‍-ഷീല കളിയ്ക്കുന്നു. ലൌസീനിന്റെ പാരമ്യത്തില്‍ മരം ഭയാനകമായി ഉലയുന്നു. ഉലഞ്ഞുലഞ്ഞ് അത് ഒടിയാറായപ്പോള്‍ കമിതാക്കളിലെ പരിസ്ഥിതിവാദികള്‍ ഉണരുകയായി. പിന്നെയൊരു സംഭാഷണമാണ്- പാക്യജനകം, ഭാവഹം, ക്ഷാരം, ഇവ യഥാവിഥി ചേര്‍ത്തിരുന്നെങ്കില്‍ മരത്തിന് ഈ ഗതി വരില്ലായിരുന്നെന്ന കണ്‍ക്ലൂഷനില്‍ അവര്‍ ഒരുവിധം എത്തിച്ചേരുന്നു. എങ്കിലും, തങ്ങളുടെ സുരക്ഷയെ ഓര്‍ത്ത്, ഇരുവരും തായ്‌വണ്ണമുള്ള ഒരു പ്ലാവിനു ചുറ്റും ചുറ്റല്‍ പുനരാരംഭിക്കുന്നു.


4. വ്യാപാരി
തെരുവ്. ഉന്തുവണ്ടി-മാമ്പഴക്കച്ചവടക്കാരനില്‍ നിന്ന് സാമ്പിള്‍ രുചിച്ചു നോക്കുന്ന കാണാന്‍ കൊള്ളാവുന്ന കസ്റ്റമര്‍. ആ വകയില്‍ഠന്നെ നാലു മാങ്ങ അതിനകം അകത്താക്കിക്കഴിഞ്ഞു. എന്നിട്ടും, മാങ്ങ വാങ്ങാനൊട്ടു ഭാവവുമില്ല. അഞ്ചാം സാമ്പിള്‍- മാങ്ങയുടെ പൂളുമായി കസ്റ്റമര്‍ തിരിഞ്ഞു നടക്കാന്‍ നേരം, പരമസാത്വികനായ വ്യാപാരി, കസ്റ്റമര്‍ക്ക് വീട്ടില്‍ കൊണ്ടുപോയി നടാനായി, അപരന്‍ അതിനകം തിന്നു തീര്‍ത്ത മാങ്ങകളുടെ അണ്ടികള്‍ മുഴുവന്‍ കടലാസ്സില്‍ പൊതിഞ്ഞ് ഏല്‍പ്പിക്കുന്നു. ഫൈവ് മിനിറ്റ്സ് കൂടി വെയ്റ്റ് ചെയ്താല്‍, തൊട്ടടുത്ത് നിന്ന കസ്റ്റമര്‍ ഫിനിഷ് ചെയ്തുകൊണ്ടിരിക്കുന്ന മാങ്ങയുടെ അണ്ടിയും കൂടി തരാമെന്ന് വ്യാപാരി.

5. വിദ്യാര്‍ത്ഥി
“നിനക്ക് ഇതിലും ഭേദം വല്ല കന്നു പൂട്ടാന്‍ പൊക്കൂടേടാ” എന്ന് ക്ലാസ്സിലെ മരമണ്ടനായ വിദ്യാര്‍ത്ഥിയോട് മാഷ്. പണ്ടേ വിനീതവിധേയനായ പയ്യനു ആ വാക്കുകള്‍ ഭഗവാന്‍ കൃഷ്ണനെ നേരിട്ട് കണ്ടപോലെയായി. ഒട്ടും വൈകിച്ചില്ല, ക്ലാസ്സീന്നു പോരുംവഴി, ഒരു കന്നു പൂട്ടുകാരന്‍, പുല്ലുവെട്ടുകാരി, മൂരിവളര്‍ത്തുകാരന്‍, പിണ്ണാക്ക് കട എന്നീ ഒരു ഡസനോളം കേന്ദ്രങ്ങളില്‍നിന്ന് ലഭിച്ച വിവരമനുസരിച്ച് , കാലിവളര്‍ത്തല്‍ അത്ര ലാഭകരമല്ലെന്ന നിഗമനത്തില്‍ എത്തിച്ചേരുന്നു. ഇടയജീവിതം ജീവിതപ്പാതയായി തെരഞ്ഞെടുത്ത സ്ഥിതിയ്ക്ക്, പകരം ഒരാടിനെ വാങ്ങിക്കുന്നു. പിറ്റേന്ന്, വഴിയില്‍ വെച്ച്, എതിരെ വരുന്ന മാഷിന്റെ കാല്‍ക്കല്‍ വീണ്, തന്റെ പുതിയ സംരംഭത്തിന് അങ്ങേരുടെ സകലവിധ പിന്തുണയും യാചിക്കുന്നു. പിറ്റേന്നുതന്നെ, ക്ലാസ്സിലെ തിരുമണ്ടന്മാരായ മറ്റു ചില കുട്ടികള്‍, അഭിനവ ആട്ടിടയനോട് ഭാവിയിലേയ്ക്കായി business prospects ചോദിച്ചുവെയ്ക്കുന്നുമുണ്ട്.

6. കുമ്പസാരക്കൂട്
കലക്കനൊരു പള്ളി. പോഷകസമൃദ്ധനായ നല്ലൊരച്ചന്‍. ‘തനിക്കൊന്നര്‍ജന്റായി കുമ്പസാരിക്കണം’ എന്ന് വിളിച്ചുകൂവിക്കൊണ്ട്, അപ്പിയിടാന്‍ വൈകിയ കുട്ടിയുടെ മുഖമുള്ള തടിയന്‍ കുഞ്ഞാട്. രഹസ്യങ്ങളുടെ കെട്ടഴിയുന്നത് മനസ്സില്‍ക്കണ്ട്, തുള്ളിച്ചാടിക്കൊണ്ട് അച്ചന്‍ കുമ്പസാരക്കൂടു ലാക്കാക്കി കുതിക്കുന്നു. കൂട് വര്‍ഷങ്ങളായി ഉപയോഗിക്കാത്തതു കാരണം ദ്രവിച്ച പൂട്ട് ഒരുവിധം ഒറ്റയ്ക്കുതന്നെ തകര്‍ത്ത്, മാറാലയിലൂടെ തച്ചോളി-കടത്തനാട് സ്റ്റൈലില്‍ നൂണ്ട്, ഇരിപ്പിടത്തിലെത്തി മേശമേല്‍ കാതു കൂര്‍പ്പിച്ചുവെയ്ക്കുന്നു. അപരന്‍ ഒരു നിലവിളീയോടെ ഡയലോഗ് പറഞ്ഞുതുടങ്ങിക്കഴിഞ്ഞു. പക്ഷെ, കുമ്പസാരരഹസ്യം പ്രതീക്ഷിച്ചത്ര ലൈംഗികതയുടെ നൂറിലൊരംശം പോലും ഉള്‍ക്കൊള്ളുന്നില്ലെന്നു മനസ്സിലാക്കുന്നതോടെ, അച്ചന്‍ അപരനെ മയത്തില്‍ പുറത്തേയ്ക്കു വിളിച്ച് , ഇത്രയും ലൈറ്റ് ആയ ഒരു കുറ്റം പുറത്തു വെച്ച് ഡിസ്കസ്സ് ചെയ്യാവുന്നതേയുള്ളൂ എന്നും കണ്ണീര്‍ തുടയ്ക്കാന്‍ കൊടുത്ത തൂവാല തിരിച്ചു തരേണ്ടെന്നും പറഞ്ഞ് ആശ്വസിപ്പിക്കുന്നു.

7. രാഷ്ട്രീയക്കാരന്‍
ഗാന്ധിചിത്രത്തിനു മുന്നില്‍ നിന്ന് ഏത്തത്തോടെ തുടങ്ങുന്ന രാഷ്ട്രീയക്കാരന്റെ (A) ദിവസം. പിന്നീട്, മൂന്നു കുരങ്ങന്മാരുടെ പ്രശസ്തമായ ചിത്രം മാറോടു ചേര്‍ത്ത് തെല്ലു നേരം. വെറും ഒറ്റത്തോര്‍ത്തും തോളത്തൊരു മുണ്ടും വടിയും വള്ളിച്ചെരുപ്പുമായി തിരുവനന്തപുരത്ത് സ്റ്റേറ്റ് കമ്മിറ്റി മീറ്റിങ്ങില്‍ പങ്കെടുക്കുവാനായി പുറത്തേക്ക്. തനിക്കനുകൂലമായി മുദ്രാവാക്യം വിളീച്ച അനുയായികളിലൊരാളെ പൊതിരെ വഴക്കു പറഞ്ഞ്, ഉടനടി തനിക്കു മൂര്‍ദ്ദാബാദ് വിളിപ്പിച്ച് 1:1 ആക്കുന്നു. വഴിയില്‍ കണ്ട ഗോമാതാവിന് രണ്ടു കട പുല്ലു പറിച്ചുകൊടുത്ത്, പിന്നെ ഒരുകാര്യവുമില്ലാതെ തന്റെ കവിളത്ത് ഒരു കിണ്ണന്‍ ‘പൂശ’ തന്ന കവലച്ചട്ടമ്പിക്ക് വീണ്ടും മറ്റേ കവിള്‍ കൂടി കാണിച്ചുകൊടുത്ത് പൊടി മിനുസമുള്ള മറ്റൊരു ‘പൂശ ’ കൂടി ഏറ്റുവാങ്ങി ആഹ്ലാദത്തോടെയാണ് പദയാത്ര. വഴിയില്‍, വിശപ്പടക്കാന്‍ പച്ചിലകള്‍ പറിച്ചു തിന്നുന്നു. ഒരു വൃദ്ധന് തന്റെ തോള്‍മുണ്ട് ഊരിക്കൊടുത്ത്, പോകും വഴി, തന്റെ സൈക്കിളില്‍ എയറടിക്കാന്‍ വല്ലാതെ ബുദ്ധിമുട്ടുന്ന കുട്ടിയെ ആവോളം സഹായിച്ച്, ഒരു ചുമട്ടുകാരന്റെ ചുമട് അയാളാവശ്യപ്പെടാതെതന്നെ തലയിലേറ്റി, ഫുള്‍ട്ടിഫുള്‍ ഹാപ്പിയായി നടന്നുനീങ്ങുന്നു.

8. സ്പോര്‍ട്സ് സ്പിരിറ്റ്
പ്രൊഫെഷണല്‍ മീറ്റ്. 100മീറ്റര്‍ റേസ്. ഒരു അതികായനും അവശനായ ഒരു കുള്ളനും മാത്രം രംഗത്ത്. അതികായന് ഗ്ലൂക്കോസ് കൊടുക്കാനും മസ്സാജ് ചെയ്യാനും സില്‍ബന്ധികള്‍ ഏറെ. ഇതൊന്നുമില്ലാത്ത കുള്ളന്‍, കുറേ നേരമായി മാനത്തേയ്ക്ക് കൈകളുയര്‍ത്തി മുട്ടുകുത്തീ പ്രാര്‍ഥനയിലണ്. കുള്ളന്റെ പൊഷകാഹാരക്കുറവുള്ള ശരീരവും കണ്ടം ബെച്ച ട്രാക്സ്യൂട്ടൂം കണ്ട് ഹൃദയാലുവായ അതികായന്റെ മനസ്സലിയുന്നു. കണ്ണീര്‍ ധാരധാരയായി ഒഴുകുന്നുണ്ട്. സില്‍ബന്ധികളുടെ എതിര്‍പ്പ് വകവെയ്ക്കാതെ അയാള്‍ കുള്ളന് ഗ്ലൂക്കോസും ഉത്തേജകങ്ങളും കൊടുക്കുന്നു. കുള്ളന് മസ്സാജ് ചെയ്തു കൊടുക്കുകയും ചെയ്യുന്നുണ്ട്. മത്സരം തുടങ്ങി. കുള്ളനെ സഹായിയ്ക്കാന്‍ വേണ്ടിത്തന്നെ, വൈകി സ്റ്റാര്‍ട് ചെയ്തിട്ടും പതുക്കെ ഓടിയിട്ടും അതികായന്‍ തന്നെ പഷ്ടടിക്കുന്നു. എങ്കിലും, വിക്റ്ററി സ്റ്റാന്‍ഡില്‍ ഒന്നാം ത്ടടിലേയ്ക്ക് കുള്ളനെ കയറ്റിനിര്‍ത്തുന്ന അപരന്‍ രണ്ടാം ത്ടടിലേയ്ക്കിറങ്ങി നിന്ന് നിര്‍വൃതിയനുഭവിക്കുന്നു.

9. ട്രാഫിക് പോലീസ്
sഹൈവേ വഴിയില്‍, തന്റെ ജോലിസ്ഥലമായ ട്രാഫിക് റൌണ്ടിലേയ്ക്ക് പോകാനായി ഏതെങ്കിലും സ്കൂട്ടര്‍ സമരിയാക്കാരന്റെ ലിഫ്റ്റ് കാത്തുനില്‍ക്കുന്ന ഒരു പോലീസുകാരന്‍. കാറുകളും, ബൈക്കുകളും, സ്കൂട്ടറുകളും കടന്ന് പോകുന്നു. അയാള്‍ ഗൌനിക്കുന്നില്ല. ഒടുവില്‍, ഒരു പുഞ്ചിരിയോടെ ഒരു പാവം സൈക്കിളുകാരനെ കൈകാണീച്ച് നിറുത്തുന്നു. നിമിഷങ്ങള്‍ക്കകം, യാത്രികനെ പുറകിലിരുത്തി പോലീസുകാരന്‍ ‘ഡബിള്‍’ ചവിട്ടുന്നു. വിയര്‍ത്തു കുളിക്കുന്നെങ്കിലും മുഖത്തെ പുഞ്ചിരി മായുന്നില്ല. ഇടയ്ക്കിടെ പുറകിലേയ്ക്കു നോക്കി, മറ്റെയാള്‍ ചെയ്ത വലിയ ഉപകാരത്തെ സ്തുതിക്കുന്നു. യാത്രയ്ക്കിടെ, സൈക്കിളുടമയ്ക്ക് ചായ-പലഹാരം, പഴം, മുറുക്കാന്‍, വീട്ടിലേയ്ക്കൊരു പാഴ്സല്‍ എന്നിവ കൊടുത്ത് സല്‍ക്കരിക്കുന്നു. സൈക്കിളുടമയുടെ ആയുസ്സിന് വേണ്ടി റോഡുവക്കിലെ കപ്പേളയ്ക്കു മുന്നില്‍ മുട്ടുകുത്തി പ്രാര്‍ത്ഥിക്കുന്നു. നേര്‍ച്ചപ്പെട്ടിയില്‍ കാശിടുന്നു. തന്റെ ട്രാഫിക് റൌണ്ടിലെത്തിയതും, സൈക്കിളുകാരനെ പരസ്യമായി ഒരു ഗാഢാലിംഗനം ചെയ്ത് യാത്രയാക്കുന്നതിനു മുന്‍പ് ഒരഞ്ചു രൂപ വഴിച്ചിലവിനു നല്‍കാനും മറക്കുന്നില്ല.

10. കോപ്പിയടി
വാര്‍ഷിക പരീക്ഷ നടക്കുകയാണ്. അദ്ധ്യാപകന്‍ ക്ലാസ്സില്‍ സള്‍ഫ്യൂരിക്കാസിഡ് നിര്‍മ്മാണരീതി വിവരിക്കുന്നു. കുട്ടികള്‍ ധൃതിയില്‍ എഴുതിയെടുക്കുന്നു. ‘നല്ല മാഷ്’ എന്ന് പരക്കെ അടക്കം പറച്ചില്‍. കൂടുതല്‍ ഉത്സാഹികള്‍ മാഷ്ക്ക് രണ്ട് സിന്ദാബാദ് വിളിക്കുന്നു. ഒടുവില്‍, ചുവരില്‍ ആരോ വരച്ചുവെച്ച ‘’കിപ്പുപകരണ’ത്തിന്റെ പടം മാഷ് തിരുത്തി ബോര്‍ഡില്‍‍ ശരിയായി വരയ്ക്കുന്നു. ‘നിങ്ങളാരും കോപ്പിയടിച്ച കുറ്റബോധവും പേറി നടക്കുന്നത് കാണാന്‍ എനിക്കാവില്ല ’ എന്ന് കണ്ണീരോടെ മാഷ്. കുറ്റബോധത്താല്‍ മാഷ്ടെ കാല്‍ക്കല്‍ കൂട്ടത്തോടെ ചെന്നു വീഴുന്ന കുട്ടികള്‍. കുറിപ്പുകളെഴുതിയ തങ്ങളുടെ റബര്‍ ചപ്പലുകളും, ശരീരത്തില്‍നിന്നു നൂറുകണക്കിനു തുണ്ടുകളും അവര്‍ സ്വമേധയാ ഒരു മൂലയ്ക്ക് കൂട്ടിയിടുന്നു.

11. വെളിച്ചപ്പാട്
പ്രൈവറ്റ് ടൂര്‍ ഓപ്പറേറ്റര്‍ വിശിഷ്ടാത്ഥികളായ സായ്പ്പ്-മദാമ്മ ദമ്പടികള്‍ക്കുവേണ്ടി ഒരു പാരമ്പര്യ വെളിച്ചപ്പാടിന്റെ ‘ലൈവ്’ പ്രോഗ്രാം ഒരുക്കുന്നു. ഓപ്പറേറ്ററുടെ കര്‍ശനനിര്‍ദ്ദേശപ്രകാരം വെളിച്ചപ്പാട് മനസ്സില്ലാമനസ്സോടെ ചെയ്ത സിനിമാറ്റിക് തുള്ളല്‍, കേരളഭ്രാന്തരായ വെള്ളക്കാരെ ശരിക്കും ഭ്രാന്തുപിടിപ്പിക്കുന്നു. അവര്‍ ചവിട്ടിത്തൂത്ത് സ്ഥലം വിടുമ്പോള്‍ ശരിക്കും ഉറഞ്ഞുപോകുന്ന വെളിച്ചപ്പാട് “കാവിലമ്മേ, യ്യേ !” മുഴക്കി വാളും ചിലമ്പുമായി ഓപ്പറേറ്ററെ പറപറപ്പിക്കുന്നു.

12. പരീക്ഷാഫലം
സ്കൂളിലേയ്ക്ക് മകന്റെ വാര്‍ഷികപരീക്ഷാ ഫലം അറിയാന്‍ വരുന്ന അഛന്‍. കൂടെ punk മകന്‍. ഫലപ്രഖ്യാപനപ്പലകയ്ക്കു കീഴെ വന്‍തിരക്ക്. ഫലം വായിച്ച് വാവിട്ട് കരയുകയും പൊട്ടിപ്പൊട്ടിച്ചിരിക്കുകയും ചെയ്യുന്ന കുട്ടികള്‍. അവര്‍ക്കൊപ്പം മാറത്തടിച്ച് നിലവിളീക്കുകയും തലയറഞ്ഞ് ചിരിക്കുകയും ചെയ്യുന്ന രക്ഷിതാക്കള്‍. പലകയ്ക്കരികിലായി ടെലഫോണ്‍ ബൂത്തുകള്‍ പോലെ രണ്ടു കൌണ്‍‍സെലിങ്ങ് സെന്ററുകള്‍ ഉണ്ട്.
ബൂത്ത് 1: കരച്ചിലുകാരുടെ കണ്ണീരൊപ്പാനാണിത്. പല പരീക്ഷകളിലും തോറ്റ് തൊപ്പിയിട്ട് വെറ്ററന്‍സ് ആയ പൌരപ്രമുഖരും 20 മുതല്‍ 25 വരെ വയസ്സുള്ള അതേ സ്കൂളീലെ തലേക്കല്ലന്മാരുമാണ് കൌണ്‍സല്ലേര്‍സ്.
ബൂത്ത് 2: പൊട്ടിച്ചിരിക്കാരെ താക്കീത് ചെയ്യാനാണ്. രണ്ടു മൂന്നു സ്ഥലം ഗുണ്ടകളും സ്വയം പ്രഖ്യാപിത ലോക്കല്‍ സാംസ്ക്കാരികനായകരുമാണ് കൌണ്‍സല്ലേര്‍സ്.

13. കണ്‍സ്യൂമര്‍
തുണിക്കട. ആള്‍പ്പൊക്കത്തില്‍ വാങ്ങിയ തുണികളും അടുക്കിപ്പിടിച്ച് സന്തോഷത്തോടെ ബില്‍ കൌണ്ടറിലേയ്ക്കു വരുന്ന ഭാര്യ. കീശ തപ്പി വിഷണ്ണനായി നില്‍ക്കുന്ന ഭര്‍ത്താവിനെ ‘എല്ലാറ്റിനും പരിഹാരമുണ്ടക്കാം ’ എന്ന് തോളത്ത് തട്ടി ആശ്വസിപ്പിക്കുന്ന കടയുടമ, കടയോട് ചേര്‍ന്ന് നടത്തുന്ന കൌണ്‍‍സെലിങ്ങ് സെന്ററിലേയ്ക്ക് അയയ്ക്കുന്നു. ‘ഇപ്പോള്‍ വങ്ങിയതിന്റെ പത്തില്‍ ഒന്നു മാത്രം വാങ്ങി കുടുംബസമാധാനം ഉറപ്പുവരുത്തൂ ’ എന്ന് ഭാര്യയ്ക്ക് കൌണ്‍സിലറുടെ ഉപദേശം. അതിനുപുറമെ, ഭാവിയില്‍ അവര്‍ കൂടുതല്‍ ആക്രമാസക്തയായ പര്‍ചേസര്‍ ആവാതിരിക്കാനായി ശക്തമായ ഹിപ്നോട്ടിക് സജെഷനും കൊടുക്കുന്നു. പര്‍ച്ചേസില്‍ മുക്കാലും തിരിച്ച് കൊടുത്തിട്ട്, ഭാര്യാ ഭര്‍ത്താക്കന്മാര്‍ ഒരു ഡ്യുവെറ്റും പാടി പുറത്തിറങ്ങുമ്പോള്‍ കൌണ്‍സിലറെ കാണാന്‍ ‘ക്യൂ’വില്‍ കുപിതരായ ഭാര്യമാരുടേയും കുണ്ഠിതരായ ഭര്‍ത്താക്കന്മാരുടേയും ഒരു ഫര്‍ളോങ്ങ് നീണ്ട നിര !

14. ഗുരുകുലവിദ്യാഭ്യാസം
സ്കൂള്‍ സ്റ്റാഫ് റൂമിലേയ്ക്ക് ചായത്തട്ടും പലഹാരപ്പൊതിയുമായി വിയര്‍ത്ത് ക്ഷീണിച്ച് കിതച്ചു വരുന്ന അഞ്ചാം ക്ലാസ്സുകാരന്‍, മാഷ്-ടീച്ചര്‍മാര്‍ക്ക് ഓര്‍ഡര്‍ അനുസരിച്ച് ഐറ്റംസ് വിതരണം ചെയ്യുന്നു. ബാലവേലയെ എന്നും എതിര്‍ത്തിരുന്ന എച്.എം. സംഗതിയറിഞ്ഞ് ഓടിയെത്തി സഹപ്രവര്‍ത്തകരെ താക്കീത് ചെയ്യുന്നു. എച്.എം. തന്നെ ഒരു ഗ്ലാസ്സ് ചയ ആറ്റി ധാരാളം പലഹാരങ്ങള്‍ സഹിതം കുട്ടിക്ക് സമര്‍പ്പിക്കുന്നു. കുട്ടി അത് തീര്‍ക്കും വരെ മറ്റ് മാഷ്-ടീചര്‍മാര്‍ തങ്ങളുടെ വിഹിതം ഫിനിഷ് ചെയ്യരുത് എന്ന് എച്.എം.ഇന്റെ കര്‍ശനമായ ഓര്‍ഡര്‍.

15. അഭിനവ യേശുദാസ്
സുപ്രഭാതം. വീട്ടിലെ പൂജാമുറിയില്‍ മറ്റു ദൈവചിത്രങ്ങള്‍ക്കൊപ്പം വെച്ചിരിക്കുന്ന യേശുദാസ് ചിത്രത്തെ തൊട്ടു വണങ്ങി നമസ്ക്കരിക്കുന്ന ടിപ്പിക്കല്‍ യേശുദാസ് വേഷധാരിയായ താടിക്കാരന്‍ ചെറുപ്പക്കാരന്‍. യേശുദാസ് ഭാവം, ചേഷ്ടകള്‍. ടേപ്പ് പ്ലെയര്‍ ഓണ്‍ ചെയ്യുന്നു. ഒരു യേശുദാസ് ലളിതഗാനം അനുകരിച്ച് പാടാന്‍ വിഫലശ്രമം. വെള്ളിയോടു വെള്ളി !! സംഗതികളാണെങ്കിലോ, അത്തരം നാലു വെള്ളിപ്പാടകലെ മാറി നില്‍ക്കുന്നേയുള്ളൂ‍ ! ദു:ഖം സഹിക്കാതെ അയാള്‍ യേശുദാസ് ചിത്രത്തിന്റെ മുന്നില്‍ ചെന്നുനിന്നു പൊട്ടിക്കരഞ്ഞ്, സാഷ്ടാംഗംീണു നമസ്ക്കരിക്കുന്നു. കടുത്ത തീരുമാനമെടുത്ത ഭാവത്തോടെ ടോയ്ലറ്റിലേയ്ക്ക് കുതിക്കുന്ന കക്ഷി, താടിയും മുടിയും ഷേവ് ചെയ്തുകളഞ്ഞ് ഒരു കളര്‍ ചെക്കു ഷര്‍ട്ടും ലുങ്കിയും വലിച്ചുകേറ്റി, കയ്യാലയിലെ വിറകു ഭ്രാന്തമായി കീറാന്‍ തുടങ്ങുന്നു.

16. ഹസ്തരേഖ
വഴിവക്ക്. മരച്ചോട്ടില്‍ തത്ത മുതലായ സാമഗ്രികളുമായി ഒരു കൈനോട്ടക്കാരന്‍. പുതുതായി വന്ന കസ്റ്റമറുടേ കൈ അഴുക്കാണെന്നു പറഞ്ഞ് സോപ്പുവെള്ളത്തില്‍ കുറെനേരം മുക്കിപ്പിടിക്കുന്നു. നഖം വെട്ടിക്കൊടുക്കുന്നു. തത്ത ഒടൂവില്‍ ‘ഭദ്രകാളി’യെ തെരഞ്ഞെടുത്തതും താനൊരു സത്യക്രിസ്ത്യാനിയാണെന്നു വെളിപ്പെടുത്തുന്ന കസ്റ്റമര്‍., ഇതോടെ , അപാരമായ ഫ്രസ്റ്റ്രേഷന്‍ മൂലം, യൂസ്ലെസ്സ് തത്തയെ പറപ്പിച്ചുവിടുന്ന ഹസ്തരേഖാശാസ്ത്രി. കസ്റ്റമര്‍ നടന്നു നീങ്ങുമ്പോള്‍, ശാസ്ത്രി തന്റെ സാമഗ്രികള്‍ മടക്കിക്കെട്ടിയതിനൂശേഷം, ശീട്ടുകുത്തില്‍നിന്ന് 3 എണ്ണം നോക്കിയെടുത്ത് മുച്ചീട്ടിലേക്ക് എന്നെന്നേയ്ക്കുമായി തിരിയുന്നു.

17. റേഷന്‍ ഷോപ്പ്
രാത്രി. റേഷന്‍ ഷാപ്പുകാരന്‍ കടയടയ്ക്കാനൊരുങ്ങുന്നു. ആരും കാണാത്തൊരു മൂലയ്ക്ക് ബാരലില്‍ ഒരു ലിറ്റര്‍ മണ്ണെണ്ണയും കാലിയെന്ന് കണ്ടാല്‍ തോന്നുന്ന ഒരു ചാക്കില്‍ 1/2 കിലോ പഞ്ചസാരയും കണ്ട്, അയാള്‍ കുറ്റബോധത്താല്‍ വിതുമ്പുന്നു. “രണ്ടും സ്റ്റോക്കില്ല” എന്നു പറഞ്ഞ് ഏതാനും പേരെ അയാള്‍ തൊട്ടുമുന്‍പ് തിരിച്ചയച്ചതേയുള്ളൂ. വീട്ടിലെത്തിയയുടന്‍ പ്രായശ്ചിത്തമായി, എല്ലാ ലൈറ്റുകളും ഓഫ് ചെയ്ത് അന്നു രാത്രി ഇരുട്ടില്‍ കഴിയാനും പിറ്റേന്നതെ ബെഡ്കാഫി പഞ്ചസാര കാണിക്കാതെ കുടിക്കാനും അയാള്‍ തീരുമാനിക്കുന്നു.

18. വിദ്യാര്‍ത്ഥി സമരം
ഗുല്‍മന്‍ ദ്വീപിലെ ‘ഗ്രീന്‍ഹൌസ് ഇഫക്ട്’-നെച്ചൊല്ലി സ്കൂള്‍ പടിയ്ക്കല്‍ ഘോരമായ വിദ്യാര്‍ത്ഥിസമരം. മുദ്രാവാക്യങ്ങള്‍, കത്തിച്ച ടയറുകള്‍, ബന്ദികളാക്കി വെച്ചിരിക്കുന്ന ടീച്ചര്‍മാര്‍. പൊടുന്നനെ ഒരു കാളവണ്ടി ഷഡന്‍ ബ്രേക്കിട്ടു നില്‍ക്കുന്നു. അതില്‍നിന്ന്, ഉടുപ്പിലും നടപ്പിലും ലളിതരില്‍ ലളിതനായ വിദ്യാര്‍ത്ഥിനേതാവ് ഇറങ്ങിവരുന്നു. ‘ബന്ദി’കളുടെ കാല്‍ക്കല്‍ വീണ് പൊട്ടിക്കരയുന്നു. സാഷ്ടാംഗം നമസ്ക്കരിക്കുന്നു. താന്‍ നയിക്കുന്ന പ്രസ്ഥാനത്തിന്റെ അപചയമോര്‍ത്ത് ഏത്തമിടുന്നു. ഗുല്‍മന്‍ ദ്വീപിന്റെ തലസ്ഥാനം, കറന്‍സി - ഇവയെപ്പറ്റി ചോദിക്കുമ്പോള്‍ വാപൊളിക്കുന്ന സമരക്കാരെ നേതാവ് ശക്തിയായി താക്കീത് ചെയ്യുന്നു. തുടര്‍ന്ന്, സമരം സമ്പൂര്‍ണമായി പൊളീഞ്ഞതായി പ്രഖ്യാപ്ക്കുന്നു. പത്രക്കുറിപ്പിറക്കുന്നു. ബന്ദിയാക്കിയ ചരിത്രാദ്ധ്യാപകന്റെ കാല്‍ക്കല്‍ ഇരുന്ന് അക്ഷാംശവും രേഖാംശവും തമ്മീലുള്ള വ്യത്യാസം ചോദിച്ചുമനസ്സിലാക്കി നോട്ടു കുറിക്കുന്നു.

19. സീരിയല്‍ ജീവിതം
തൃശൂര്‍ക്കാരന്‍ ഭാഷാദ്ധ്യാപകന്റെ വീട്ടിലുള്ള മറ്റ് സകലരുടേയും ഉച്ചാരണശുദ്ധിയില്ലാത്ത, കുറുക്കിയെടുത്ത തനിനാടന്‍ ഭാഷയാണ്. മാഷ് എത്ര ശ്രമിച്ചിട്ടും ആരും ഭാഷാശുദ്ധി കൈവരിക്കുന്നില്ല. ഏതായാലും, പുതുതായി വാങ്ങിക്കൊണ്ടുവന്ന ടി.വി. യില്‍ ഒരു മാസം കൊണ്ട് വിവിധ ചാനലുകളിലെ നൂറുകണക്കിന് സീരിയലുകള്‍ കണ്ടു കണ്ട്, ഓരോ വീട്ടംഗത്തിന്റേയും ഭാഷ തനിവള്ളുവനാടന്‍ ശൈലിയിലേയ്ക്ക് പൊടുന്നനെ മാറുകയായി. സംഭാഷണങ്ങള്‍ അതിവൈകാരികമാകുന്നതോടെ മാഷ്ക്ക് മടുക്കുന്നു. അസ്സല്‍ തൃശൂര്‍ ഭാഷ കേട്ട്, ഗതകാല സ്മരണകള്‍ അയവിറക്കാനായി മാഷ് നേരെ ബസ്സ് കയറി കുന്ദംകുളം മാര്‍ക്കറ്റില്‍ ഇറങ്ങി വെറുതേ ചെവിയോര്‍ത്തു നില്‍പ്പാരംഭിക്കുന്നു.

20. ബാര്‍ബര്‍
‘പങ്ക് സ്റ്റൈല്‍ കട്ട്’-ഇനായി വാശിപിടിക്കുന്ന കുട്ടിക്ക് ‘സമ്മര്‍ക്രോപ്പ്‘ അടിപ്പിക്കാനും അവന്റെ അറിവ് വര്‍ദ്ധിപ്പിക്കാനുമായി അച്ഛന്‍ കുട്ടിയുമായി സലൂണിനകത്തേയ്ക്ക്. വെറുതെ കണ്ണാടി നോക്കാന്‍ വന്ന ഒരുത്തനെ യൂറോകമ്മ്യൂണിസം വിശകലനം ചെയ്ത് തോല്‍പ്പിച്ച നിര്‍വൃതിയിലിരിക്കുകയായിരുന്നു ബാര്‍ബര്‍. കുട്ടി കസേരപ്പുറത്ത്. ചുവരില്‍ നിറയെ, ഗാന്ധി-നെഹ്രു-മദര്‍തെരേസ ചിത്രങ്ങള്‍, മഹദ്വചനങ്ങള്‍, പങ്ക്-സ്റ്റൈല്‍ കട്ടിനെ പരിഹസിക്കുന്ന കാര്‍‍ട്ടൂണുകള്‍. പങ്ക് സ്റ്റൈല്‍ കട്ടിനായി വാശിപിടിക്കുന്ന കുട്ടിയെ ആ ചിന്തയില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ആവുംവിധം നോക്കുന്ന ബാര്‍ബര്‍. സാമദാനഭേദശ്രമങ്ങള്‍ കമ്പ്ലീടായിട്ട് യൂസ്ലെസ്സായിരിക്കുന്നു. മദ്ധ്യസ്ഥരായെത്തിയ സീനിയര്‍ പിള്ളേര്‍ കുട്ടിയെ പങ്ക് സ്റ്റൈലിന്റെ കാലം കഴിഞ്ഞുവെന്നു പറഞ്ഞുമനസ്സിലാക്കാന്‍ നോക്കുന്നു, സമ്പൂര്‍ണമായി പരാജയപ്പെടുന്നു. ഗത്യന്തരമില്ലാതെ, ബാര്‍ബര്‍ കുട്ടിയുടെ ചന്തിയ്ക്ക് നാലു കിണ്ണന്‍ പൂശ കൊടുത്ത്, അവന് ബോധോദയമുണ്ടാക്കുന്നു. പ്രത്യുല്‍പ്പന്നമതിയായ ,കുട്ടിയുടെ പിതാശ്രീ ബാര്‍ബറുടെ ഈ നടപടിയില്‍ തികഞ്ഞ ആഹ്ലാദം രേഖപ്പെടുത്തുന്നു.

17 comments:

Cartoonist said...

മാവേലിനാട്ടില്‍ ജനം മുച്ചൂടൂം ആദര്‍ശപരമായി പെരുമാറുന്നവരാണ്. ഒരുദാഹരണം പറഞ്ഞാല്‍, താങ്കള്‍ എന്ന പദം ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന വില്ലേജ് മാവേലിനാടാണ്. മൊത്തം സംഗതികള്‍ ബ്ലാക് ആന്‍ഡ് വൈറ്റ് ആണവീടെ. ഗ്രേ എന്നൊരു എടവാടേ ഇല്ലതന്നെ. തുടര്‍ന്നു വായിക്കുക . . .
................................
എല്ലാം പഴേ ചരക്കാണ്. ഒന്നോര്‍ത്താല്‍,
ഇതാണെന്റെ ബ്രഹ്മപുരം
അഥവാ
നിങ്ങളില്ലാതെ എനിയ്ക്കെന്താഘോഷം ?

benny said...

ബ്രാവൊഓഓഓഓഓഓഓഓഓഓ.....

അടിപൊളി...
രസിച്ചുവായിച്ചു... ഒന്നൊന്നിനെ വെല്ലുന്ന കിടിലന്‍പീസുകള്‍ തന്നെയെല്ലാം

Anonymous said...

very good blog,I really enjoyed,thank you

sadanandan,salalah

ഏ.ആര്‍. നജീം said...

ഠേ...ഠോ...ടമാര്‍...പഠാര്‍....
ഇത് പോലെയുള്ള വെടിക്കെട്ട് പോസ്റ്റിന് വെറും തേങ്ങ മാത്രം ഉടച്ചു പോകുന്നത് ശരിയല്ലല്ലോ..
അത് കൊണ്ട് ഒരു മാലപ്പടക്കം പൊട്ടിച്ചതാ..

ഇനി വരുന്നവര്‍ക്കൊക്കെ ചിരിയുടെ മാലപ്പടക്കം സജീവ് ഭായ്യുടെ വക

KM said...

ഇപ്പോള്‍ വങ്ങിയതിന്റെ പഠില്‍ ഒന്നു മാത്രം വാങ്ങി കുടുംബസമാധാനം ഉറപ്പുവരുത്തൂ..
അടിപൊളി.
കുട്ടന്മേനോന്‍.

G.manu said...

wow
classic piece mashey..
strong haasyam...

alappuzhakaran said...

:O

aryanattu sivasankaran said...

kollam kutta nalla prayogangal thanne.sabhash!! veendum ezhuthooo...........

akeyem said...

good keep it up and going......

Cartoonist said...

ഒരു ഞൊടുക്കു വിദ്യ

ഞാനടക്കം മേല്‍ക്കമെന്റ്യ ഒമ്പതു പേര്‍ക്കും കലക്കനൊരു നന്ദി രേഖപ്പെടുത്തിക്കൊണ്ടുള്ള ഒരു സൂപ്പര്‍ കമന്റ് മറുമൊഴികളില്‍ പ്രത്യക്ഷപ്പെടുത്തി, ഇനി ഒരു ഡസന്‍ കമെന്റുകള്‍ കൂടിയെങ്കിലും വീശിപ്പിടിക്കാന്‍ പറ്റുമോ എന്നു നോക്കട്ടെ.

ഭഗവാനേ, കുറച്ചുകാലമായി കമന്റ് ക്ഷാമമുള്ള ഈ പ്രദേശത്ത് ടൂറിസ്റ്റുകളുടെ എണ്ണവും ഭയാനകമായി ഇടിഞ്ഞിരിക്കുന്നുവല്ലൊ !

വാല്‍മീകി said...

ആഹാ.. ഞാന്‍ ഇതു കണ്ടില്ല. അതല്ലെ കാരണം. ബാക്കി നാലെണ്ണത്തിനും കമന്റിയ ഒരാള്‍ എന്ന നിലയില്‍ ഇതിലും കൂടി കമന്റിയാല്‍ എന്തെങ്കിലും ഡിസ്കൌണ്ട് കിട്ടുമോ എന്തോ.

ഞാന്‍ കമന്റി. ഇനിയിപ്പൊ ബാക്കി കമന്റ് എപ്പൊ വന്നു എന്നു ചോദിച്ചാല്‍ മതി.

MADHU said...

OH THAT WAS REALY BREATHTAKING, I WONDER HOW DO YOU GET THIS DONE.. I OWULD LIKE TO SIT WITH YOU ON A DAY , WHEN YOU WRITE.. WHAT'S THEINSPIRATION??

GOOD WORK, KEEP ITT COMING

MADHU GANESH...

കൃഷ്‌ | krish said...

തട്ടിന്‍പുറം സീരീസ് കൊള്ളാം.


(ഓ.ടോ: കമന്റുബോക്സിനുമുകളിലെ ചോദ്യം കണ്ടു പകച്ചു. ഉള്ളതു മുഴുവന്‍ അകത്താക്കിയിട്ട് ചോറ് വിളമ്പട്ടെയെന്നോ? ആളെ കളിയാക്ക്യാ!)

Balasubramanian said...

Very nice blog. Nice language and very humorous too !! Keep it up !! Looking forward to hearing more from you in the coming days !!!

Baloo

മയൂര said...

സൂപ്പര്‍ബ് ...:)

മയൂര said...

സൂപ്പര്‍ബ് ...:)

മുണ്ഡിത ശിരസ്കൻ said...

അഭിനവ യേശുദാസും, ഹസ്തരേഖയും വായിച്ച് ചിരിച്ച് മരിച്ചു. എല്ലാം കിടിലൻ സാധനങ്ങള് തന്നെ. മാഷെ നിങ്ങളൊരു രാവണൻ തന്നെ.