Friday, September 21, 2007

പന്തിഭോജനലഹള A.D.2007








രംഗം കഷ്ടി ഇരുനൂറു പേര്‍ക്കു മാത്രം ഇരിയ്ക്കാവുന്ന ഊണേശ്വരാ ഹാള്‍.

ആറ്റുനോറ്റിരുന്ന ഒരു വിവാഹസദ്യ (മുടിഞ്ഞ വിവാഹം മൂര്‍ദ്ദാബാദ് !) അര‍ങ്ങേറാന്‍ ഇനി നിമിഷങ്ങള്‍ മാത്രം!

കതിര്‍മണ്ഡപത്തില്‍ വരനും വധുവും. രണ്ടും അക്ഷമരാണ്. എങ്കിലും, സമയം പോക്കാന്‍ ചുമ്മാ ഡയലോഗിലേര്‍പ്പെടുന്നു -

വധു : ഇനി പത്തേപത്തുമണീക്കൂറുകള്‍ മാത്രം ബാക്കി...ഹൌ !

വരന്‍: പത്തേപത്തു മിനിറ്റെന്നു പറയൂ, മോളേ, ഞാനൊരു കലക്കു കലക്കും.

‘പത്തേപത്തു മിനിറ്റോ?’ വധു പരിബ്ഭ്രാന്തയാവുന്നു.

വരനിതൊന്നും പ്രശ്നല്ല. കാരണം പിന്നീടു പൊട്ടിയ്ക്കുന്നുണ്ട്.

മുഹൂര്‍ത്തം തെറ്റാതെ ചടങ്ങുകള്‍ നടത്താന്‍ സന്നദ്ധഭടന്മാരുടെ ഒരു വന്‍ സംഘം തന്നെ ഊണേശ്വരത്തുണ്ട്. വരന്റെ കാലുകഴുകല്‍ തുടങ്ങി വധുവിന്റെ മാതുലര്‍ ചമഞ്ഞ് വരന്‍ സംഘത്തെ ഹാന്‍ഡില്‍ ചെയ്യുന്ന പണി വരെ ക്വൊട്ടേഷനെടുക്കുന്നവരില്‍ മൃഗീയ ഭൂരിപക്ഷവും എമ്പ്ലോയ്മെന്റെക്സ്ചേഞില്‍ പേര്‍ രജിസ്റ്റര്‍ ചെയ്ത് ചെയ്ത് തഴമ്പിച്ചവരും കൂട്ടുകാരും ആണ്. സമ്മാനക്കവറുകള്‍ മാത്രം അതാത് വധൂ-വര പിതാക്കള്‍ നേരിട്ട് കൈകാര്യം ചെയ്യാറാണ് കാലങ്ങളായി പതിവ്. അതും ഞങ്ങള്‍ സുഖമായി ഹാന്‍ഡില്‍ ചെയ്തോളാന്ന് ക്വൊട്ടേഷന്‍കാര്‍ കുറേക്കാലമായി പറയുന്നതാണ്. “ഏയ്, വേണന്നില്ല” എന്ന് പിതാക്കള്‍. ഏതായാലും, ചര്‍ച്ചകള്‍ തുടരുന്നു.

കഴിഞ്ഞ കൊല്ലം ആകെ ഊണേശ്വരത്തു നടന്ന 29 കല്യാണയൂണ്‍ കണക്കെടുത്തു നോക്ക്യാല്‍ 17.5367 രൂപയാണ് ശരാശരി കല്യാണസമ്മാനക്കവര്‍ തുക. ജാത്യാല്‍ അര്‍ക്കീസ്സുകളായ ഊണേശ്വരത്തുകാരന്റെ കല്യാണയൂണില്‍ ഒരുവിധം അന്നജം, പലവുരു അവശ്യപ്പെട്ടാല്‍ മാത്രം മാസ്യം, ശ്രദ്ധിച്ചുനോക്കിയാല്‍ കൊഴുപ്പ് എന്നിവ അടങ്ങിയിട്ടുണ്ടെന്നാണ് വെപ്പ്. ജീവകങ്ങളുടെയും ധാതുലവണങ്ങളുടെയും കാര്യം മിണ്ടിയാല്‍ അടിയാണ്.

പണ്ടു നടന്നൊരു കല്യാണയൂണിന് “മോരല്ല, നാരുകള്‍ തരൂ, എനിയ്ക്കീ നാരുകള്‍” എന്ന് സാംബാറിലെ മുരിങ്ങാക്കോലുകള്‍ക്കായി മുറവിളി കൂട്ടിയ സ്ഥലം ലൈബ്രേറിയനെ വിളംബിയ വാഴയിലയിലെ നടുത്തണ്ടു മുഴുവന്‍ ഒറ്റയടിയ്ക്കു തീറ്റിച്ച ഒരു ഘടാഗടിയന്‍ വധൂ മാതുലനുണ്ടിവിടെ (ചിത്രം ശ്രദ്ധിയ്ക്കൂ). ഊണ്‍ചിലവു കുറയ്ക്കുന്ന കാര്യത്തില്‍‍ പെണ്ണിന്റെ ഫാമിലിയെ അഡ്വൈസ് ചെയ്യാന്‍ വരുന്ന ന്യൂട്രീഷന്‍ വിദഗ്ദ്ധര്‍ ഊണിലയിലെ പാക്യജനകം, ഭാവഹം, ക്ഷാരം എന്നിവ കൂടി കൂട്ടിയാണ് ഇലയൊന്നിന് വില നിശ്ചയിക്കുന്നത്. കഴിഞ്ഞ കൊല്ലം അതിന്റെ മൂല്യം 17.0467 ആയി നിശ്ചയിയ്ക്കപ്പെട്ടിരുന്നു. അതായത്, ഊണൊന്നിന് കേവലം 11.49 പൈസമാത്രമാണ് വധൂ ഫാമിലിയ്ക്ക് ലാഭം. എന്നു വരുമ്പോളാണ്, ഊണിനത്തില്‍ മാത്രം ഒരു പൈന്റിനുള്ള തുകയോളം സമ്പാദിച്ച വധൂപിതാക്കള്‍ പോലുമുണ്ടെന്നാണെങ്കിലോ! നാടുനീളെ നടന്നു ക്ഷണിച്ച് വിരുന്നുകാരുടെ എണ്ണം കൂട്ടിക്കൊണ്ടാണ് കവറുകളുടെ എണ്ണത്തില്‍ ടി പിതാക്കള്‍ ഇങ്ങനെ റെക്കോഡ് ഇടുന്നത്. അതെന്തുമാവട്ടെ, മക്കളുടെ കല്യാണത്തലേന്ന് ലോക്കല്‍ കള്ള്ഷാപ്പിലെ പിതാക്കളുടെ പറ്റുപിടി ക്രമാതീതമായി വര്‍ദ്ധിയ്ക്കുന്നത് പഞ്ചായത്തിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

ഇനി നമുക്ക് സദസ്സിനെ ഒന്നു പരിശോധിയ്ക്കാം. ഊണേശ്വരത്ത്,‍ കല്യാണത്തിന്റെ സദസ്സാണ് ഒരു സദസ്സ് ! ഒരു ശരാശരി സദസ്സില്‍ ബഹുഭൂരിപക്ഷം പേരുടെയും മുഖം കതിര്‍മണ്ഡപത്തിന് 25 ഡിഗ്രി ഏതെങ്കിലുമൊരു വശത്തേയ്ക്കു മാറ്റി ചെരിച്ചുവെച്ചിരിയ്ക്കുന്നതു കാണാം . അങ്ങകലെ, സദ്യാലയത്തിലേയ്ക്കുള്ള പ്രവേശനദ്വാരമാണ് എല്ലാരുടേയും ഉന്നം. ‘അത്ഭുത‘മാണ് അവയിലെല്ലാറ്റിലും കാണാവുന്ന സ്ഥായിയായ രസം. എന്നാല്‍, പതിവായി സദ്യപ്പന്തലിന്റ്റെ താല്‍ക്കാലിക ഗെയിറ്റുകള്‍ തകര്‍ത്തു ശീലമുള്ള മുഠാളന്മാരില്‍ ‘വീരം’ എന്ന രസമാണ് മുന്തിനില്‍ക്കാറ്. ലോക്കല്‍ കളിയാശാന്മാരും ശിഷ്യരും ഇതു കണ്ടു നോട്ടെഴുതാന്‍ വേണ്ടി മാത്രം ഒരു മൂലയ്ക്കിരിയ്ക്കുന്നത് പതിവു കാഴ്ച്ചയാണ്. അഷ്ടരസങ്ങളില്‍ (ശാന്തം എന്നൊരു രസം ഊണേശ്വരത്തുകാര്‍ക്കിടയില്‍ പ്രചാരത്തിലില്ല. ) ബാക്കിയൊക്കെ സദ്യ കഴിഞ്ഞാണ് ഉപഭോക്ത്താക്കള്‍ ധാരാളമായി പ്രകടിപ്പിയ്ക്കാറ്. കെട്ടു കഴിഞ്ഞ ഉടനെയാണു സാധാരണ ഓഡിറ്റോറിയം നിറഞ്ഞു കവിയുക. ഭക്ഷണാര്‍ഥികള്‍ കടന്നുവരികയല്ല, പ്രത്യക്ഷപ്പെടുകയാണു പതിവ്. നെല്ലിട കുത്താന്‍ സ്ഥലണ്ടാവില്യ. കുത്യേര്‍ന്നെങ്കീ കറ്റ കൊയ്യാന്‍ കയ്യാങ്കളിയായേനെ. ഇനിയൊന്നു ചെവിയോര്‍ത്താലോ, പഴയ ട്രാന്‍സ്ഫോര്‍മറിന്റെ നേരെ അടിയില്‍‍ ചെന്നു നില്‍ക്കുന്നപോലെ തോന്നും. കല്യാണ പ്രേക്ഷകരുടെ വയറുകള്‍ കൂട്ടത്തോടെ ഇരമ്പുന്ന ശബ്ദമാണത്. ഊണേശ്വരത്തെ കാര്‍ന്നോമ്മാര്‍ക്ക് ഇതൊക്കെ പ്രഭാതത്തിലെ കിളികളുടെ കളകളാരവം പോലെയാണ്.

നടേപ്പറഞ്ഞ പോലെ, വരന്റെ കാല്‍കഴുകല്‍ തുടങ്ങി കെട്ടുവരെയുള്ള 64 കര്‍മ്മങ്ങള്‍ക്ക് ആകെയെടുത്ത സമയം കേവലം 10 മിനിറ്റായിരുന്നു. സെക്കന്‍ഡുകള്‍ക്കുള്ളില്‍ , വരന്‍‍ മാത്രം(ഊണേശ്വരത്തുകാരനാണു വരന്‍) കാത്തുകാത്തിരുന്ന ‘മധുരഭോജനം’ എന്ന പരിപാടി ലോ പ്രൊഫൈലില്‍ തുടങ്ങി. ഇടയ്ക്ക്, പാലെടുത്ത സ്പൂണിന്റെ വാവട്ടം പോരാ എന്നു പറഞ്ഞ് ആക്രമാസക്തനായ വരനെ കരയോഗപ്രമാണീമാര്‍ ഒന്നടക്കിയിരുത്തിയപ്പോഴേയ്ക്കും അഡീഷനല്‍ 5 കവര്‍ മില്‍മയും 3 നേന്ത്രപ്പഴവും ‘പ്ടീ’ന്ന്’ അപ്രത്യക്ഷമാവുന്നത് വധുവിന്റെ അഛന്‍ ഞടുക്കത്തോടെയാണു നോക്കിനിന്നത്.

“തുടക്കം അസ്സലായി. യെവന്‍ പുലിയാ, പുപ്പുലി” തന്റെ രണ്ടാം നേന്ത്രന്‍ ഉരിയ്ക്കവെ പഞ്ചായത്ത് പ്രസിഡന്റ് പ്രവചിച്ചു.
അപ്പോളതാ വരാന്ത വഴി വളരെ നേര്‍ത്ത ഒരു ശബ്ദം. സദസ്സിലെ ആബാലവൃദ്ധം ജനം ചെവികള്‍ വട്ടം പിടിച്ചു. ഹാവൂ ! ഇളംകാറ്റാണ്. കക്ഷി സദ്യാലയം വഴി വരുന്ന വഴിയാണെന്നു ഒരു ഞൊടിയിടയ്ക്കു മുന്‍പ് മണത്തറിഞ്ഞ ഒരു പട സീനിയര്‍ സിറ്റീസന്‍സ് ‘പ്രവേശനമില്ല’ എന്നെഴുതി വെച്ചിരിയ്ക്കുന്നിടത്തേയ്ക് അവശത മറന്ന് പായുന്നതു കണ്ടു. Mr.കാറ്റു വരാന്തയിലൂടെ പോകുന്നത് കണ്ടതും സദസ്യരില്‍ ബാക്കിയായ നൂറോളം വരുന്ന സീനിയേഴ്സ് താന്താങ്ങളുടെ സീറ്റുകളില്‍നിന്ന് ശബ്ദമില്ലാതെ അപ്രത്യക്ഷരായി. സെക്കന്‍ഡുകള്‍ക്കുള്ളില്‍, ‘പൊടിപോലുമില്ല കണ്ടുപിടിയ്ക്കാന്‍’ എന്ന മട്ടിലായി ആയിരത്തോളം വരുന്ന വിരുന്നുകാര്‍ ! എന്തിനേറെപ്പറയുന്നൂ, എകാന്തതയുടെ അപാരതീരം പോലെ തോന്നിച്ചു ഊണേശ്വരാ ഹാള്‍ !

ഹാളിന്റെ ഈ ശ്മശാനമൂകതയ്ക്ക് തുരങ്കം വെച്ചുകൊണ്ട് തൊട്ടപ്പുറത്ത് സദ്യാലയത്തിലേയ്ക്കുള്ള പ്രവേശനകവാടം പൊടുന്നനെ ശബ്ദമുഖരിതമായി !

അതാ, Rush hour തുടങ്ങിക്കഴിഞ്ഞു ! ഏതാനും നിമിഷങ്ങള്‍ക്കകം അത് ശുദ്ധ stampede ആയി കലാശിയ്ക്കും. അതാണ് പതിവ്.

ഹാളില്‍ നിരത്തിയിട്ട നൂറുകണക്കിന് തൂശനിലകളില്‍ ഉപ്പേരി-പപ്പട-പുളീഞ്ചി-യച്ചാറുകള്‍ മുതലായ പുരാതന ഭക്ഷ്യങ്ങള്‍ക്കു പുറകെ അന്തിമഹാകാളനും കൂട്ടരും, അതാ, വീണുതുടങ്ങുമ്പോഴേയ്ക്കും സദ്യാലയത്തിന്റെ പ്രവേശനദ്വാരത്തില്‍ വധുവിന്റെ പല തരത്തിലുള്ള അമ്മാവന്മാരും സദ്യകണ്ട്രാക്ടറുടെ ആള്‍ക്കാരും ചേര്‍ന്നൊരുക്കിയ മനുഷ്യച്ചങ്ങല പൊട്ടിയ്ക്കാന്‍, ഊണേശ്വരത്തുനിന്നും തൊട്ടടുത്ത വന്‍കരകളില്‍നിന്നും പന്തിയില്‍ പരഭോജനത്തിനു പേരുകേള്‍പ്പിച്ചുവശായ കല്ലന്‍ കരയോഗപ്രമാണിമാര്‍ കൈമെയ് മറന്നദ്ധ്വാനിച്ചു. മൂര്‍ദ്ദാബാദ് വിളിച്ചു. വാശീയുടെ കാര്യത്തില്‍ കുംഭമേളയ്ക്കെത്തുന്ന നാഗസന്യാസിമാര്‍ക്കൊപ്പമാണ് ഉണ്ണാനെത്തുന്ന പ്രസ്തുത വ്യക്തികളുടെ സ്ഥാനം.

മനുഷ്യച്ചങ്ങല ‘തടാര്‍-പടാര്‍-ടമാര്‍-ടുമീല്‍’ മുതലായ ശബ്ദങ്ങളുണ്ടാക്കി പൊട്ടാനെടുക്കുന്ന ആ 15 മിനിറ്റോളമാണ് പന്തിയ്ക്കു വൈകിയെത്തിയ ശങ്കരന്‍ ആന്‍ഡ് ബ്രദേഴ്സ് തങ്ങളുടെ തുടര്‍ന്നങ്ങോട്ടുള്ള അടവുനയങ്ങള്‍ ഒന്നുകൂടി പറഞ്ഞുറപ്പിച്ചു കാണാപ്പാഠമാക്കാനായി തന്ത്രപൂര്‍വം തെരഞ്ഞെടുത്തത്. പലപല ചങ്ങലയും കൂള്‍കൂളായി പൊട്ടിച്ചെറിഞ്ഞ ചരിത്രമുള്ളവരാണ് ദി ബ്രദേഴ്സ്. നൂറുകണക്കിന് സദ്യകളുണ്ടതില്‍ രണ്ടേരണ്ടവസരങ്ങളിലേ ഒന്നാം പന്തിയ്ക്കിരിയ്ക്കാന്‍ പറ്റാണ്ടായിട്ടുള്ളൂ താനും.

ഒഴിഞ്ഞ ഓഡിട്ടോറിയത്തിന്റെ ഒത്ത നടുക്കിരുന്ന് ശങ്കരനും കുമാരനും ദാമോദരനും ലാവിഷായി കുശുകുശുത്തു. എത്രയെത്ര വധൂപിതാക്കളെയും മാതുലരെയുമാണ് ഈ കുശുകുശുക്കല്‍ വിറകൊള്ളിച്ചിട്ടുള്ളതെന്ന് ഓര്‍ക്കാതിരിയ്ക്കുകയാണ് ഭേദം.

അപ്പുറത്ത് സദ്യാലയവാതില്‍ക്കല്‍ നിന്ന് ഒരടിയുടെ ചെകിടടപ്പിയ്ക്കുന്ന ശബ്ദം. പിന്നെ, ഒരാര്‍ത്തനാദം !

സദ്യാലയത്തിലേയ്ക്കുള്ള മനുഷ്യച്ചങ്ങല തകര്‍ക്കാന്‍ ആബാലവൃദ്ധം ജനം ഉച്ചനീചത്വമില്ലാതെ തള്ളുന്നതിനിടയില്‍ അറിയാതെ ഒന്ന് ഏമ്പക്കം വിട്ടുപോയ ഒരു താഴേക്കിട നായരെ, ജന്മനാ പോഷകാഹാരക്കുറവുള്ള ഏതാനും ശുദ്ധനായന്മാര്‍ ചേര്‍ന്ന് കരിങ്കാലി എന്നു കരുതി ഒന്നു പൂശിവിട്ടതാണ്. താന്‍ ഊണു കഴിച്ചിട്ട് ദിവസങ്ങളോളമായി എന്നു കേണപേക്ഷിച്ചിട്ടും ശുദ്ധനായന്മാര്‍ വിട്ടില്ല. മറ്റുള്ളവര്‍ ഏമ്പക്കം ഇട്ടുകേള്‍ക്കുന്നത് ഊണേശ്വരത്തുകാര്‍ക്ക് പണ്ടേ പ്രാണസങ്കടമാണ്.

അടികൊണ്ടതും നനഞ്ഞ നായര്‍ക്ക് തിരിച്ചറിവുണ്ടായി. ഇനി ‘ക്യൂ’വില്‍ നില്‍ക്കുന്നതിലും ഭേദം മുങ്ങുന്നതാണ്. അറ്റകൈയ്ക്ക്, വധുവിന്റെ പിതാവിനെ ആശംസിച്ചേല്‍പ്പിച്ച 15 ക. അടങ്ങുന്ന കവര്‍ എങ്ങനെയെങ്കിലും കൈക്കലാക്കാനാവുമോ എന്ന വേവലാതിയില്‍ പീഢിതന്‍ പ്രതി അടുത്ത നിമിഷം രംഗത്തുനിന്ന് ഇല്യാണ്ടായി !

ഇപ്പോല്‍ ഭക്ഷണലഹളക്കാര്‍ ആര്‍ക്കോ ഒരടി കൂടി പാസ്സാക്കിയിരിയ്ക്കുന്നു. തുടര്‍ന്ന് , ആര്‍ത്തനാദം, മാപ്പപേക്ഷ, പ്രാക്ക് ഇവ യഥാക്രമം ആഡിട്ടോറിയത്തിനകത്ത് മാറ്റൊലിക്കൊള്ളുന്നു. ശങ്കരകുമാരദാമോദരന്മാര്‍ അതു മൈന്‍ഡു ചെയ്യാതെ കുശുകുശുപ്പ് തുടരുന്നു.

കുമാ: ആഹാ, സദ്യാലയത്തില്‍നിന്ന് നെടുനേരമായി പോര്‍വിളികള്‍ ഉയര്‍‍ന്നു കേള്‍ക്കുന്നല്ലോ, ചേട്ടമ്മാരേ..

കൂട്ടത്തില്‍ കുമാരനാണ് പഠിപ്പിസ്റ്റ്. 16 കൊല്ലം സ്കൂളില്‍ത്തന്നെയായിരുന്നു.

ശങ്ക: ഹ, ഒന്നു ചുമ്മാതിരീഡാ. ഞാന്‍ പറഞ്ഞുതീര്‍ന്നിട്ടില്ല. എടാ, ദാമ്വോ, കുമാരൂ, ദേ ഈ ചിത്രം ശ്രദ്ധിയ്ക്ക്...

ശങ്കരന്‍ വായുവില്‍ ചറപറാ വെറും നലേ നാലു വരകള്‍ കൊണ്ട്, ഊണേശ്വരം ഹാളീലെ സദ്യാലയം, അടുക്കള, ചുറ്റുമതില്‍, ഇവ സിംപ്ലി അവതരിപ്പിയ്ക്കുന്നത് കുമാരനും ദാമോദരനും അസൂയയോടെ നോക്കിനിന്നു. സഹജാവബോധം കൊണ്ട്, സഹോദരരുടെ മൂക്കോട്ടകള്‍ പതിന്മടങ്ങായി ഇതിനകം വികസിച്ചുവന്നത് അവര്‍ പോലും അറിഞ്ഞ മട്ടില്ല.

“കുമാരാ, ആദ്യത്തെ പന്തി എന്തായാലും ഇത്തവണ നോക്കണ്ട. നമ്മക്ക് മൂന്നു പേര്‍ക്കും പ്രെഷറുള്ളതാ. രണ്ടാം പന്തിയ്ക്ക് ഉന്തും തള്ളും തൂടങ്ങിക്കഴിഞ്ഞ സ്ഥിതിയ്ക്ക് ഒരു കാര്യം ഉടനടി ചെയ്തേ പറ്റൂ. ഇലയിടുന്ന തക്കത്തിന്, സദ്യയൂണ്‍പെണ്‍ചാവേറുകള്‍ക്കിടയില്‍ നുഴഞ്ഞുകയറാന്‍ നോക്കുക. ആ 33 ശതമാനത്തിനകത്തൊന്ന് പറ്റിക്കൂടാനായാല്‍ പിന്നെ പേടിയ്ക്കാനില്ല.”

ദാമോ : അപ്പൊ, എന്നെ മറന്നോ, ഏട്ടാ. കുമരൂനെപ്പോലെ എനിയ്ക്കും ഈ സംരംഭത്തിലേയ്ക്ക് എന്തെങ്കിലും കാര്യമായി സംഭാവന ചെയ്യണമെന്നുണ്ട്. രണ്ടാം പന്തിയില്‍ ഊണുകഴിയ്ക്കുക എന്നത് എന്റെ വലിയൊരു മോഹാണ്. സാദ്ധ്യാവ്വോ, ഏട്ടാ ?

ദാമോദരന്‍ സീരിയലുകള്‍ക്കടിമയായിട്ട് 20 വര്‍ഷങ്ങളായി. ഊണുകഴിയ്ക്കുമ്പോളുണ്ടാക്കുന്ന പലതരം ശബ്ദങ്ങളൊഴികെ ബാക്കിയെല്ലാം വള്ളുവനാടന്‍ ഭാഷയിലാണ്.

ശങ്കരന്‍: മാനമ്മര്യാദയ്ക്കോ, ഊച്ചാളിപ്പീസ് കാണിച്ചോ രണ്ടാം പന്തിയ്ക്ക് 3 കല്ലന്‍, യമണ്ടന്‍ തൂശനിലകള്‍ ബുക് ചെയ്യലാണ് എന്നത്തേയും പോലെ ഇന്നും നിന്റെ പണി. സീറ്റ് പിടിയ്ക്കാന്‍ വേണ്ടത്ര തൂവാലകള്‍ കരുതിയിട്ടുണ്ടല്ലൊ അല്ലെ ?

“ ഉവ്വ്, കരുതീര്‍ക്കുണൂ. യഥേഷ്ഠണ്ട് ” എന്ന് മൊഴിഞ്ഞുകൊണ്ട് ദാമു പെട്ടെന്ന് രംഗമൊഴിഞ്ഞു.
**************************************************************************
ഗൂഢാലോചന പൊളിഞ്ഞുപാളീസായി. ശങ്കരന്‍ & ബ്രദേര്‍സിന് ചത്താലോ എന്നു തോന്നിപ്പോയി. ഇത്ര ഭീമമായ തിരിച്ചടി ഇതാദ്യമാണ്.

മൂന്നാം പന്തിയിലും പുറത്തായപ്പോള്‍, തങ്ങള്‍ക്കു നഷ്ടപ്പെട്ടത് അറുപതു വിലപിടിച്ചമിനിറ്റും, ഒന്നര ഡസന്‍ പുതുപുത്തന്‍ തൂവാലകളുമാണ്. (ഒന്നിലധികം സീറ്റുകളില്‍ അഡ്വാന്‍സ് ബുക്കിങ്ങ് ചെയ്യല്‍ ഊണേശ്വരത്ത് സാധാരണമാണ്) . നഷ്ടം ചില്ലറയല്ല. ഇനിയും ചുറ്റിപ്പറ്റിനില്ക്കുന്നത് , സത്യം പറഞ്ഞാല്‍, ചത്തതിനു തുല്യമാണ്. എന്നാലോ, ഇത്രയൊക്കെയായ സ്ഥിതിയ്ക്ക് ഇനി ബാക്കി ശ്രമം ഉപേക്ഷിയ്ക്കന്നത് മഹാ പോക്കണംകേടാണുതാനും. നിരന്തരമായി ആക്രമിയ്ക്കുക തന്നെ. ഓരോരോ ഇലയ്ക്കു മുന്‍പില്‍ ഒന്ന് ഇരുന്നു കിട്ടിയാല്‍മതി. പെണ്ണിന്റെ ബന്ധുക്കളെ വിറപ്പിയ്ക്കുന്ന കാര്യം തങ്ങളേറ്റു.

ഒടുവില്‍ . . . .

നാലാം പന്തി വന്നു. ദി ശങ്കരന്‍സിനു ഇത്തവണയും ഇരിയ്ക്കാനായില്ല. പ്രീണനം, ഭീഷണി, ഉന്തും തള്ളും, തൂവാലത്തുമ്പികള്‍, ഒന്നും ഏശിയില്ല. ദാമൂന്റെ തൂവാല സ്റ്റോക് ഇതോടെ തീരുകയും ചെയ്തിരിയ്ക്കുണൂ.

‘ഉന്തും തള്ളും’ സെഷനില്‍വെച്ച് ഊണേശ്വരത്തിനു പുറത്തുനിന്നെത്തിയ 200ഓളം വരുന്ന ഏതാനും ക്ഷണിയ്ക്കപ്പെടാത്ത യുവഅതിഥികളാണ് ഇത്തവണ ഈ സീനിയേഴ്സിന്റെ കഥ കഴിച്ചത്. മൂന്നു പേര്‍ക്കും പള്ളയ്ക്കാണ് പരിക്ക്.

ഒരു രണ്ടാഴ്ച്ചത്തേയ്ക്കെങ്കിലും ആമാശയത്തിന്റെ പണിക്കുറ്റം തീര്‍ക്കുക എന്ന ഒറ്റ ഉദ്ദേശത്തോടെ പറ്റിയ്ക്കുന്ന ഒരു പുത്തന്‍ അടവാണ്. ദി ശങ്കരന്‍സിന് അടിതട വശല്ല. എന്നുവെച്ച്, കിട്ടുന്നത് ഇതാദ്യമാണ്. ജീവിതത്തിലെ ഏറ്റവും വല്യ നാണക്കേടായിപ്പോയി ! ഇനിയൊന്നേ ചെയ്യാനുള്ളൂ.

തങ്ങളെപ്പോലേള്ള സീനിയേഴ്സ് ഇതിന് ഒരുമ്പെടാറില്ലാത്തതാണ്. ഊണുകഴിച്ചുകൊണ്ടിരിയ്ക്കുന്നവരെ ഒരിയ്ക്കലും ശല്യപ്പെടുത്തിക്കൂടാ... പക്ഷെ...ഇനിയിപ്പൊ, അല്ലാതെന്തു ചെയ്യും ?

വായനക്കാര്‍ വിഷ്വലൈസ് ചെയ്യുമ്പോള്‍, നാലാം പന്തിയില്‍ കുശിനിഭാഗത്തോടുചേര്‍ന്ന് ഒരു മൂലയില്‍ നിശ്ശബ്ദമായും, എന്നാല്‍ തകൃതിയായും ഒരു മൂന്നംഗ ന്യൂക്ലിയര്‍ ഫാമിലി കൃത്യനിര്‍വഹണത്തിലേര്‍പ്പെട്ടിരിയ്ക്കുകയാണ് . ഒരച്ഛന്‍, അമ്മ, , മകന്‍.

വിഭവങ്ങളാല്‍ അലംകൃതമായ അച്ഛന്റെ ഇലയിലെ പച്ചപ്പ് പുറത്തുനിന്ന് കാണാനില്ല. അമ്മയും മകനും പരസ്പരം ചര്‍ച്ച ചെയ്താണ് ഊണിന്റെ കഥ കഴിച്ചുകൊണ്ടിരിയ്ക്കുന്നത്.

ഈ അഭിമാനഫാമിലി എവിടുന്ന് ? ദി ശങ്കരന്‍സിന് മഹാ‍ അത്ഭുതായി. തറവാടികളാവാതെ വഴിയില്ല. പക്ഷെ, യെവരെ പ്രോത്സാഹിപ്പിയ്ക്കുന്നത് ആത്മഹത്യാപരമായിരിയ്ക്കും .

അങ്ങനെയുള്ള ഈ ഫാമിലിയെ തങ്ങളെപ്പോലെയുള്ള ഇതര ആക്രമണകാരികളില്‍നിന്ന് ബ്ലോക് ചെയ്തുകൊണ്ട് ദി ശങ്കരന്‍സ് അവരുടെ തൊട്ടു പുറകിലായി ഒരു നില്‍പ്പ് നില്‍ക്കാന്‍ തുടങ്ങിയിട്ട് 15 മിനിറ്റായിക്കാണും. ഫുട്ബോളില്‍ ഈയൊരു നിലപാടിനെ man to man marking എന്നു പറയും. സമകാലിക ഊണേശ്വരം സദ്യകളില്‍ ഈയൊരു ടെക്നിക് പതിവുകാഴ്ച്ചയാണ്.

ഇതു താന്‍ തന്റെ അവസാന അരിഭക്ഷണം എന്ന മട്ടില്‍, തന്റെ ശരീരവും ഭക്ഷണവും തമ്മിലുള്ള നടപ്പു മലയാളി അനുപാതത്തിനു മൂര്‍ദ്ദാബാദ് പറഞ്ഞുകൊണ്ടും ‘ചറപറാ’ ചാടുന്ന ഏമ്പക്കങ്ങള്‍ കേട്ടുവെന്നു നടിയ്ക്കാതെയും ചോറിനെ ആസൂത്രിതമായി കടന്നുപിടിച്ച് അപ്രത്യക്ഷമാക്കുകയാണ് ആ പാവം തോന്നിയ്ക്കുന്ന ഗൃഹനാഥനും ഭാര്യയും മകനും.

ദി ശങ്കരന്‍സ് മാര്‍ക്കിങ്ങ് തുടങ്ങിയിട്ട് ഇപ്പോള്‍ അരമണിക്കൂറെങ്കിലുമാകുന്നു. ഇതിനകം, അഞ്ചു കോഴ്സ് ചോറാണ് ഗൃഹനാഥന്‍ മൂന്നാളും കാണ്‍കെ ഇല്യാണ്ടാക്കിയത്. ആ കൈവേഗം മട്ടന്നൂര്‍ ശങ്കരങ്കുട്ടിയെ ലജ്ജിപ്പിയ്ക്കും.

ഇപ്പോള്‍ തങ്ങള്‍ നില്ക്കുന്നത് ഒരു പലകമേലാണെന്ന് ശങ്കരന്‍സിനു തോന്നി. ക്ഷമ എന്നു പേരുള്ള പലക. അതു തര്‍ന്നാല്‍, അബോധാവസ്ഥയോ, പട്ടിണിമരണം പോലുമോ ആണ്.

തങ്ങളുടെ കഷ്ടകാലത്തിന്, പ്രസ്തുത പന്തിയിലാണെങ്കില്‍ ടി കുടുംബം മാത്രമേ അരമണിക്കൂറിനകം പ്രയത്നം മതിയാക്കാന്നുള്ള സാധ്യതയുടെ യാതൊരുവിധ സൂചനയും തരാത്തതായുള്ളൂ താനും ! ഒരു മണിക്കൂറോ, ഏഴു കോഴ്സ് കൂടി ചോറോ, ഏതാ കൂടുതല്‍ ദീര്‍ഘമെന്നുവെച്ചാലത് അതു കഴിഞ്ഞു മാത്രം മോര് എന്ന മട്ടിലാണ് പ്രവര്‍ത്തനം.

ശങ്കരന് ഭയാശങ്കകളായിത്തുടങ്ങി. മഹാ അബദ്ധായി. Man to man marking പണ്ടേ മോശം പരിപാട്യാ. ഇത് ഗണപതിക്കൈ തന്നെ ഗുലുമാലായി. ഈ ഫാമില്യെ സെലക്ട് ചെയ്തതാണെങ്കില്‍ ദാമ്വാ. ആരായാലും അതേ ചെയ്യൂ. അവന്റെ ബുദ്ധ്യെ ആദരിച്ചില്ലെന്നു വേണ്ട എന്നു കരുതി.

വീണ്ടും അര മണിക്കൂര്‍ കൂടി കഴിഞ്ഞിരിയ്ക്കുന്നു. ഇഴഞ്ഞിഴഞ്ഞു നീങ്ങുകയാണവന്‍ - സമയം. യുഗയുഗാന്തരങ്ങളായി പലര്‍ പലയിടത്തിരുന്ന് കൊന്നിട്ടും ഇതാ ഇവിടെ ഇവന്‍ ചാകാതെ കിടക്കുന്നു. വിശപ്പു മൂത്താല്‍ ശങ്കരനു സറിയലിസ്റ്റ് ചിന്തകളെ പിടിച്ചാല്‍ കിട്ടില്ല.

ഇഞ്ചിത്തൈരുകാരന്‍ വളവും തിരിഞ്ഞു വരുന്ന വരവും കാത്തു പന്തിക്കണ്ണുമായ് ഇരുന്ന ഇരിപ്പാണ്, പത്തു മിനിറ്റായി ഗൃഹനാഥന്‍.

അപ്പോല്‍, കുമാരനാണ് ആ കാഴ്ച്ച ആദ്യം കണ്ടത്. ഒരു റൈറ്റ് ഹാന്‍ഡ് ഈറ്റര്‍ക്ക് ഏറ്റവും അടുത്ത കൈദൂരത്തില്‍ വിലസുന്ന മഞ്ഞ പദാര്‍ഥം അചുംബിതയാണിപ്പോഴും !!!

ഇമ്മടെ ‘പരിപ്പ്’ ! ശാസ്ത്രവിധ്യാ, ആദ്യം തട്ടേണ്ടതവനെയായിരുന്നു. ഇങ്ങനെപോയാല്‍, എന്നാണാവോ, അതിനൊരു കരസ്പര്‍ശമേല്‍ക്ക്വാ ! തൂശനിലയൂണീന്റെ സകല മര്യാദകളെയും ചപ്രചിപ്രയാക്കി കാറ്റില്‍ പറത്തിക്കൊണ്ടാണ് ഗൃഹനാഥന്റെ ഒറ്റയാള്‍ പോരാട്ടം.
ശങ്കരന്‍ മരിച്ച മട്ടായി. ഇങ്ങനെയായാല്‍ താന്‍ വീണു വീരമൃത്യു വരിച്ചേക്കാം. ഇല്ലില്യ, ചാവാന്‍ തനിയ്ക്കു മനസ്സില്ല. ഇനി മറ്റൊരു പന്തിയില്ല.

ഇതിനിടെ, ഈ ന്യൂക്ലിയര്‍ ഫാമിലിയൊഴിച്ച് ഇതര ഊണുകാരെല്ലാരും പണി അവസാനിപ്പിച്ച് പുറത്തിറങ്ങി നാരങ്ങാ-പൂവന്‍പഴങ്ങളിലേയ്ക്ക് കടന്നത് ദി ശങ്കരന്‍സ് അറിഞ്ഞതേയില്ല !

അപ്പോളതാ ....... !

പ്രചണ്ഡമായ ഒരു ആരവം ഭൂമിയെ വിറപ്പിച്ചുകൊണ്ട് അടുത്തടുത്ത് വരുന്നു. ഒരു തകര്‍ച്ച. ആര്‍ത്തനാദങ്ങള്‍...

സദ്യാലയത്തിലേയ്ക്കുള്ള വിയ്ക്കറ്റ് ഗെയ്റ്റ് തകര്‍ത്ത് വേറൊരു വിഭാഗം രണവീരന്മാര്‍ പോരിനുവരികയാണ്. ഇക്കുറി, വരന്റെ ക്ഷണിയ്ക്കപ്പെടാത്ത ബന്ധുജനങ്ങളാണ്. ഊണേശ്വരത്തുകാര്‍ തന്നെയാണ്. നേരാംവണ്ണ ഊണീന്റെ അവസാന വാക്കുകളാണ്.

ദി ശങ്കരന്‍സിനു വേണമെങ്കില്‍ ഹാളിലെ മറ്റേതെങ്കിലും ഒഴിഞ്ഞ സീറ്റുകളില്‍ ചെന്നിരിയ്ക്കാമായിരുന്നു. പക്ഷെ, ചെയ്തില്ല. ഇത്രയും നേരം ഒറ്റക്കാലില്‍ നിന്നിട്ട് .... വേണ്ട, ഈ ഫാമിലി ഊണ്‍ ഫിനീഷ് ചെയ്യുന്നതുവരെ കാക്കാന്‍ തങ്ങള്‍ തയാറാണ്. ഇനി കാലതാമസം വരില്ല. ശങ്കരന്‍ സമാധാനിച്ചു.

അവര്‍ ഒരു വരവാണ്. 200 ഇലകളിലേയ്ക്കായി 500 പേരാണ് രണ്ടും കല്‍പ്പിച്ച് പാഞ്ഞടുക്കുന്നത്. ഒരു ഇന്‍സ്റ്റന്റ് മനുഷ്യച്ചങ്ങല തീര്‍ത്ത് ദി ശങ്കരന്‍സ്, ഇഞ്ചിത്തൈരും കാത്തുകാത്തിരിയ്ക്കുന്ന ആ പാവം പിടിച്ച ന്യൂക്ലിയര്‍ ഫാമിലിയെ ഇരച്ചുവരുന്ന ആക്രമണകാരികളില്‍നിന്ന് കാക്കാനായി അന്തിമ പോരാട്ടത്തിനു തയ്യാറെടുത്തു.

ഇപ്പോള്‍, യോദ്ധാക്കളുടെ വിന്യാസം ഇങ്ങനെയാണ്. ഒന്നുമറിയാതെ, തെല്ലിട കഴിഞ്ഞ് പരിപ്പിനൊരു ചോറ് എന്ന പദ്ധതി തയ്യാറാക്കി തല്‍ക്കാലം ഇഞ്ചിത്തൈരുകാരനെ കാത്തിരിയ്ക്കുന്ന ഗൃഹനാഥന്‍. ഇരുവശത്തുമായി “ഹൊ, എത്ര ഭാഗ്യവാന്‍ !”, “ കഷ്ടം ! ഇയാള്‍ തോരന്‍ ഇനിയും ഫിനീഷ് ചെയ്തില്ലല്ലൊ” , “ അസ്സല്‍ തറവാടി തന്നെ” എന്നൊക്കെ ഈ അദ്ധ്വാനിയെ നോക്കി നെടുവീര്‍പ്പിടുന്ന സോള്‍ജ്യേഴ്സ്-ഇന്‍-വെയ്റ്റിങ്ങ്. പുറകില്‍, ഫുള്‍ ബാക്സ് കാപ്റ്റന്‍ ശങ്കര്‍ & ബ്രദേഴ്സ്.

മിനിറ്റുകള്‍ കൊഴിഞ്ഞു വീണുകഴിഞ്ഞു. ആദ്യ കോഴ്സിനു വിളംബിയ സാംബാറുകാരന്‍ തങ്ങളുടെ മുന്നിലൂടെ കടന്നു പോയിട്ടു 10 മിനിറ്റിലേറെയായിരിയ്ക്കുന്നു. മറ്റെലാവരും ‘വിശ്രാമി’ലാണ്. തങ്ങള്‍ മാത്രം ‘സാവ്ധാ’നായിട്ട് ഒന്നര മണിക്കൂറായിരിയ്ക്കുന്നു. ഇനിയും നിന്നാല്‍ വീഴും, വീണാല്‍ എന്നെന്നേയ്ക്കുമായി കിടപ്പിലാവും എന്നു തോന്നിയ ഒരു ഘട്ടത്തില്‍ ശങ്കരന്‍ ഒരൊറ്റ അലര്‍ച്ച !

“കൊറേ നേരായി, ഞങ്ങളീയൊരൊറ്റ നില്‍പ്പാ. വെശന്നു വെശന്നു ചാവാറായി. അല്ല, എന്നേ ചത്തു. അല്ല, ഞങ്ങള് കൂട്യ നായമ്മാരാണേയ്. നിര്യാതരായീന്ന് കൂട്ടൊക്ക്വോളോ. അങ്ങനെ മരിയ്ക്കും മുന്‍പ് നിങ്ങളായിരുന്നു ഞങ്ങടെ ഏക പ്രതീക്ഷ. നീയെന്റെ മോനാടാ ...മോനേ. അതുകൊണ്ട്, ബലിയിട്ടോളോ. ഞാന്‍ പറയണ പടി ചെയ്ത്വോളോ. ”

സംഗതി പന്തിയല്ലെന്ന് കുമാരനും ദാമോദരനും തോന്നി. പണ്ടൊരിയ്ക്കല്‍ ഇതുപോലെ ‘ആമ്മ്ലേഷ്യം’ വന്ന കാര്യം ഓര്‍മ്മ വന്നതും “ഇപ്പൊ വരാം, ദാമ്വേട്ടാ” എന്നു പറഞ്ഞ് കുമാരന്‍ പുറത്തേയ്ക്കോടി.

ദാമോദരനൊന്നേ ചെയ്യാനുണ്ടായിരുന്നുള്ളൂ. . . . വെറുതേ തരിച്ച്നിന്നു.

ശങ്കരന്‍ പുറകില്‍ക്കൂടി ഗൃഹനാഥന്റെ വലതു കൈ പിടിച്ചെടുത്തുകഴിഞ്ഞു.

“ഞങ്ങള്‍ - ദാമോദരന്‍-ചതയം, കുമാരന്‍-മകം, പിന്നെ ഞാന്‍-പൂരാടം- മൂന്നു പരേതാത്മാക്കള്‍ക്കുവേണ്ടി ബലിയിട്ടോളോ. ഞാന്‍ പറയണ പടി ചെയ്തോളോ..” - ശങ്കരന്‍ അലറി.

“ ഒരു കൊണ്ടാട്ടം, ഒരു വറ്റ് ചോറ് ഒരിറ്റു ഇഞ്ചിത്തൈരു ചേര്‍ത്ത് ഒരു പിടി പിടിച്ച്... ഇനി ഒരെറക്കു വെള്ളം... ബാക്കി വറ്റിന് രണ്ടിഞ്ചിത്തൈര് ... ഒരിറക്കുകൂടി വെള്ളം ... ബാക്കിയെല്ലാതും കൂട്ടിയൊരു പിടിപിടിച്ച് ... ഒരുരുള ... ഒരൊറ്റ അമുക്ക് ... മതി ... എണീറ്റോളോ... പിന്തിരിയണ്ട ... നടക്ക്വ ... അല്ല, ഓട്വ... ഓടടാ‍ാ‍ാ‍ാ കഴുവേറീ... ”

കുമാരനും ദാമൂം ചേര്‍ന്ന് ചേട്ടനെ ആംബുലന്‍സിലേയ്ക്ക് പിടിച്ചുമാറ്റുമ്പോള്‍ ഗൃഹനാഥന്‍ പെണ്ണിന്റെ അമ്മാവനെ നോക്കി അലറുകയായിരുന്നു :

“ ഇങ്ങനെ അലമ്പാണെന്നറിഞ്ഞിരുന്നെങ്കില്‍ വരില്ലായിരുന്നു . നിര്‍ത്ത്വാ. ഇനി പായസത്തിനൊരു ചോറ്. ”

(ശുഭം)

28 comments:

Cartoonist said...

ജാത്യാല്‍ അര്‍ക്കീസ്സുകളായ ഊണേശ്വരത്തുകാരന്റെ കല്യാണയൂണില്‍ ഒരുവിധം അന്നജം, പലവുരു അവശ്യപ്പെട്ടാല്‍ മാത്രം മാസ്യം, ശ്രദ്ധിച്ചുനോക്കിയാല്‍ കൊഴുപ്പ് എന്നിവ അടങ്ങിയിട്ടുണ്ടെന്നാണ് വെപ്പ്. ജീവകങ്ങളുടെയും ധാതുലവണങ്ങളുടെയും കാര്യം മിണ്ടിയാല്‍ അടിയാണ്.

മെലോഡിയസ് said...

അപ്പോള്‍ ആദ്യത്തെ തേങ്ങ ഞാന്‍ ഉടക്കട്ടെ ട്ടാ..ഠേ...ഠേ...!!.

“സമ്മാനക്കവറുകള്‍ മാത്രം അതാത് വധൂ-വര പിതാക്കള്‍ നേരിട്ട് കൈകാര്യം ചെയ്യാറാണ് കാലങ്ങളായി പതിവ്. അതും ഞങ്ങള്‍ സുഖമായി ഹാന്‍ഡില്‍ ചെയ്തോളാന്ന് ക്വൊട്ടേഷന്‍കാര്‍ കുറേക്കാലമായി പറയുന്നതാണ്. “ഏയ്, വേണന്നില്ല” എന്ന് പിതാക്കള്‍“ ..

പിതാക്കള്‍ക്ക് അവരെയൊക്കെ നല്ല വിശ്വാസാ‍..

എന്തായാലും സംഭവം ഇഷ്ട്ടായി.. അടുത്തത് പോരട്ടെ.

കുഞ്ഞന്‍ said...

ഇരുന്നു കഴിക്കാന്‍ നമ്മുക്ക് നേരോല്യാ, ന്നാ പിന്നെ കിടന്നാവാം ല്യേ....

സമ്മാനക്കവറിലുള്ളതെല്ലാമെടുത്തിട്ട് വേണമെങ്കില്‍ ക്വട്ടേഷന്‍ കൊടുക്കാന്നു നിരീക്കണു..

കുതിരവട്ടന്‍ :: kuthiravattan said...

:-)

ബാജി ഓടംവേലി said...

തുടരുക

കുഴൂര്‍ വില്‍‌സണ്‍ said...

വയറ് നിറഞ്ഞപ്പാ

കുറുമാന്‍ said...

മാഷെ കലക്കി എന്നു പറയില്ല. പുത്തരിയില്‍ അവിടെയിവിടെയായി ചെറുതായി കല്ലുകടിച്ചു. തുടര്‍ന്നെഴുതുക.

Cartoonist said...

മെലോഡിയസ്, കുഞ്ഞന്‍, കുതിരവട്ടന്‍,
വണക്കം, നന്റ്രി.

ബാജി,
‘തുടരുക, വായിയ്ക്കാതിരിയ്ക്കാന്‍ നോക്കാം’ എന്നാണോ? :=) നന്ദി.

കുഴൂരേ,
വെറും ഏഴിഞ്ച് കഥ വായിച്ചപ്പോഴേയ്ക്കും വയര്‍ നിറഞ്ഞെന്നോ? തുടര്‍ന്ന് 12 തവണകളായെഴുതിക്കൂട്ടിയ ബാക്കി 56 ഇഞ്ച് വായിയ്ക്കാതെ പോകയാണോ ? ഇതു മര്യാദയോ ?

കുറുമാനെ,
നന്ദി. എഴുതിശീലമില്ല. മനസ്സില്‍ കിടക്കുന്ന, കാര്‍ട്ടൂണാക്കാന്‍ വെച്ചിരുന്ന വിഷ്വത്സാണീ താങ്ങിയത്. എടയ്ക്ക് കണ്ട്രോളും പോയി. ഇതുവരെ കിട്ടിയിട്ടില്ല.പോട്ടെ, ‘നഞ്ചെന്തിനു നാനാഴി?’ എന്ന വിഷയത്തിമ്മേല്‍ ചര്‍ച്ചയുണ്ട്. ഞാനാണ് മോഡറേട്ടര്‍.
ആശംസകള്‍ !

തമനു said...

മാഷേ ... ഊണാണ് ഇഷ്ട വിഷയം അല്ലേ...
:)
എഴുത്ത് നല്ല രസമായി. ഇത്ര വലിയ പോസ്റ്റായിട്ടും ഒറ്റ ഇരിപ്പിനു തന്നെ വായിച്ചു. പിടിച്ചിരുത്തുന്ന എന്തോ ഒന്ന് ഈ എഴുത്തിലുണ്ട് (ഒരു പക്ഷേ ഊണിനെപ്പറ്റി ആയതിനാലാവാം..)..

അപ്പൊ അടുത്തത് പോരട്ടേ...

Madhu said...

assalayi ketto., Keep it coming, I think with all those lvely comments and compliments that you are getting, it shouldn't take much time to get th enext one rolling...keep smiling. ALL THE BEST.. Madhu

ശ്രീ said...

ഒരു നല്ല സദ്യ തന്നെ
:)

Cartoonist said...

തമനു, മധു, ശ്രീ,
ക്ന്...%@#@..*(^%$..(ഗദ്ഗദശബ്ദങ്ങള്‍)
........... (വാക്കുകള്‍ കിട്ടാതെ പരതുന്നു).
നന്ദി.
ഈ മധു..മധൂന്നൊരാളെപ്പറ്റിന്‍ ആരെങ്കിലും
കേട്ടിട്ടുണ്ടോ ?

സുഹാസ്സ് കേച്ചേരി said...

ഹ ഹ ഹാ... അട്ടാഹാസമല്ല, പൊട്ടിച്ചിരിയാണ്‌... നന്നായിരിക്കുന്നു മാഷെ,

കൃഷ്‌ | krish said...

ഈ സദ്യപോസ്റ്റ് കഴിച്ചിട്ടും കഴിച്ചിട്ടും അങ്ങിട്ട് തീര്ണില്ലല്ലോ. ത്രേം വലിയ സദ്യയോ.
ആ ന്യൂക്ലിയര്‍ ഫാമിലിയിലെ പുന്നാരമകനാണ് താങ്കള്‍ അല്ലേ. ഊണേശ്വരത്തെ PhD-ക്കാരന്‍ (ഊണില്‍).

സദ്യ ഇനിയും ഉണ്ടാവുമല്ലോ.

Kalesh said...

നന്നായിട്ടുണ്ട്!
രസകരവും!
വരകള്‍ക്കൊപ്പം എഴുത്തും കേമം!!!

ആവനാഴി said...

അല്ല, എന്തു ചോദ്യാത്? ഊണു വിളംബട്ടേന്നോ? വിസ്തരിച്ചൊരൂണു ഉണ്ണാന്‍ തന്യാ പുറപ്പെട്ടിരിക്കണെ. ആ ചോറ് വട്ടീലിട്ടങ്ങനെ പതുക്കെ പതുക്കെ കുലുക്കണ്ട, നല്ലോണങ്ങ് കുലുക്വാ. എലേലേക്കങ്ങ് വീഴട്ടെ ചോറ്.
പിന്നെ സാമ്പാറ്. എന്ത് തവ്യാ ഇത്? ചെവിത്തോണ്ടി‍ പോലത്തെ തവി എവിടന്നു കിട്ടീ ഹേ? അതങ്ങു കളയൂ.. വലിയ ചിരട്ട കൊണ്ടുണ്ടാക്യ തവീല്യേ ഇവിടെ. അതില്യാന്നു വച്ചാല്‍ ആ സാമ്പാറു പാത്രം ഈ കുഴീലേക്കങ്ങു നല്ലോണം ചെരിച്ചോളൂ; കണ്ടില്യേ ചോറിന്റെ മേളീല്‍ ഒരു കുഴി കുഴിച്ചിരിക്കണെ. കുഴ്യാവുമ്പോള്‍ നാലുപാടും ഒഴുകി എന്നൊരു കിംവദന്തിക്കു അവസരോണ്ടാവില്യാലോ.

പപ്പടം രണ്ടെണ്ണമാക്കണ്ട. ഒരു അഞ്ചാറെണ്ണമായിക്കോട്ടെ. തല്‍ക്കാലം ഒരാറെണ്ണം മതി.പിന്നെ വേണോന്ന്വെച്ചാല്‍ പറയാലോ.

ഊണ് കഴിക്യാന്നു വച്ചാല്‍ അതു നല്ലോണം കഴിക്കണം. അതു തന്യാ എന്റെ ഒരു രീതി.

അതോണ്ട് വെളമ്പിക്കോളൂ. എല്ലാ പദാര്‍ത്ഥങ്ങളും ധാരാളമായിത്തന്നെ വിളമ്പിക്കോളൂ.

ViswaPrabha വിശ്വപ്രഭ said...

പണ്ട് നര്‍മ്മദ എന്നൊരു വാരിക ഇറങ്ങിയിരുന്നു. അതാണോ? അതോ അസാധുവോ?

അല്ല, ചമ്പക് ആണോ?
അതോ പൂമ്പാറ്റ?
അമ്പിളി അമ്മാവന്‍?

പണ്ട് നാഷണല്‍ ബുക്ക് ട്രസ്റ്റിന്റെ ബാലപുസ്തകാലയം ഇറക്കിയിരുന്ന കുട്ടിക്കഥാപുസ്തകങ്ങള്‍?

എവിടെയോ കണ്ടുമറന്ന മധുരതരമായ ഒരു ശൈലിയുണ്ട് ഈ എഴുത്തിനും വരയ്ക്കും!

ബ്ലോഗുകളില്‍ വ്യതിരിക്തമായ ഒരു ശൈലി.

സജ്ജ്ജ്ജ്ജ്ജീവേ, കീപ്പിത്തപ്പൂ.


:-)

മയൂര said...

പോസ്റ്റ് കണ്ട് ഭയന്നു പോയി;) വായിച്ച് തുടങ്ങിയതും, എന്തോ പിടിച്ചിരുത്തി വായിപ്പിക്കുന്നത് പോലെ..നന്നായി രസിച്ച് വായിച്ചു...:)

എതിരന്‍ കതിരവന്‍ said...

അല്ലാ, മട്ടന്നൂര്‍ ശങ്കരങ്കുട്ടിയുടെ സ്പീഡാണല്ലൊ.എവിട്യാ കൊട്ടു പഠിച്ച്യേ?കൊട്ടിക്കൊട്ടി വരച്ചു വരച്ചു മുറത്തേല്‍ക്കേറി വരച്ചെഴുതീം തുടങ്ങി. ഇനി മറ്റെ സജീവന്‍ എന്തു ചെയ്യും? ഡബിള്‍ ആക്റ്റിലെ വില്ലനോ? മൊത്തം ചില്ലറ?
എന്തിനാ അച്ഛാ എന്നെ ഡയറ്റീഷ്യന്‍ കോഴ്സു പഠിപ്പിക്കാന്‍ വിടുന്നത്, ഞാന്‍ നന്നാകുകേല (ഹെന്ത്?) എന്നു പറഞ്ഞത് വിശ്വസിക്കാതിരുന്നത് എന്റെ കുറ്റമാ മോനേ.

ദില്‍ബാസുരന്‍ said...

സജ്ജീവേട്ടാ,
തകര്‍ത്തു. ശൈലി കലക്കി. പ്രയോഗങ്ങളും. കൂടുതല്‍ പ്രതീക്ഷിയ്ക്കുന്നു.

Cartoonist said...

ദില്‍ബ്സ്,

സുഹാസ്സേ,
ഹിഹ..ഹഹുഹീ..ഹിഹോയ്..താന്ത്രിക് ചിരിയാണ്, ചിരിച്ച്നോക്കൂ :-)
കൃഷേ,
ഊഹം ഉഗ്രാലുഗ്രന്‍ ! നാന്‍ താനവന്‍ !
കലേഷേ,
എന്തുകൊണ്ടാണ് കുമ്പളങ്ങാമൊളോഷ്യം വൈകുന്നതെന്ന് പൊരിഞ്ചിതാ ?
ആവനാഴീ,
എന്റെ എല്യാ ഇട്ത്തോള..തീര്‍ന്നില്ലെ ?
വിശ്വപ്രഭേ,
........... :-)
മയൂരേ,
നന്റ്രി.അതിരിയ്ക്കട്ടെ, ബുഷ് എന്തു പറയുന്നു ?
എതിരില്പതിരവനേ,
ഈ പേരിന് ഒരു തുളുനാടന്‍ ടച്ചുണ്ട് ട്ടാ..
ദില്‍ബ്സ്,
ആരോടും പറയരുത്, കഥ തീര്‍ന്നു.:-)

അനാഗതശ്മശ്രു said...

ഫൈവ് കോഴ്സ് ഫൈവ് സ്റ്റാര്‍ സദ്യ അലമ്പിന്റെ ഈ ഭാഗം
സ്പോണ്‍ സര്‍ ചെയ്തതു ......


nalla post

നന്ദു said...

Sajjiv ji, thurannezhuthatte (Plz don't feel bad )ottum ishtaayilla. narmmathinte koottathil peduthaanaavumo?. ezhuthu venda changaathi vara mathi athaanu kooduthal manassil thattuka.

Sorry for the disappointment!.

with love,
nandu
Riyadh

Cartoonist said...

നോ നന്ദൂ, നെവര്‍..
കഥ ഫുള്ളായിട്ടും ചാവാതെ ഞാനീ കാല്‍ പുറകോട്ടെടുക്കില്ല. സത്യം (3)

കരിപ്പാറ സുനില്‍ said...

നമസ്കാരം ശ്രീ സജ്ജീവ് ,
ബ്ലോഗ് കണ്ടു.
നന്നായിട്ടുണ്ട് . ബ്ലോഗിനെ ഒരു പുതിയ ശൈലിയില്‍ ഉപയോഗിച്ചിരിക്കുന്നു.
എനിയ്ക്ക് അന്നേ താങ്കളുടെ വര ഇഷ്ടമായിരുന്നു.
‘മഹാത്മാ ഗാന്ധി ഇംഗ്ലീഷ് മീഡിയം സ്ക്കൂള്‍‘ എന്ന സറ്റയറിനുവേണ്ടി വരച്ചത് ഇപ്പോഴും ഓര്‍മ്മയിലുണ്ട്
ഇപ്പോള്‍ എവിടെയാണ് വര്‍ക്ക് ചെയ്യുന്നത് ?
‘സര്‍ഗ്ഗധാര‘ ഇപ്പോള്‍ കാണാറില്ലല്ലോ

ആശംസകളോടെ
കരിപ്പാറ സുനില്‍

കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി said...

ആശംസകള്‍ സജ്ജീവ് !
നന്നായിട്ടുണ്ട് ...

http://www.theverdictindia.com said...

rappayi ente chettanayirunnu. ippol ingineyum oru chettane kitti. ippol oonu kazhichittilla...

sdevi67@yahoo.co.in said...

nannayittundu
nannayittu undu
aashamsakal